ഒരു ഡോക്ടർ മാത്രമുള്ള ക്ലിനിക്കുകളിൽ ഇനി മുതൽ ‘ജനറിക്’ മരുന്നുകൾ മാത്രം

Jaihind Webdesk
Saturday, July 6, 2019

ഒരു ഡോക്ടർ മാത്രമുള്ള ക്ലിനിക്കുകളിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ ഇനി മുതൽ ‘ജനറിക്’ മരുന്നുകൾ മാത്രമേ രോഗികൾക്കു നൽകാൻ പാടുളളു. ഡ്രഗ്സ് കൺസൽറ്റേറ്റിവ് കമ്മിറ്റിയുടെതാണ് നിർദേശം.

നിർദേശം നടപ്പാക്കാൻ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസിന്‍റെ ഷെഡ്യൂൾ ഉടൻ ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഇതുവരെ ഒരു ഡോക്ടർ മാത്രമുള്ള ക്ലിനിക്കുകളിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവർക്കും ജനറിക് മരുന്നുകളും ബ്രാൻഡഡ് മരുന്നുകളും രോഗികൾക്കു നൽകാൻ അനുമതിയുണ്ടായിരുന്നു.

എന്നാൽ, ഇതുമായി ബന്ധപ്പെട്ടു പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ഈ മാസം ഡൽഹിയിൽ ചേർന്ന ഡ്രഗ്സ് കൺസൽറ്റേറ്റിവ് കമ്മിറ്റി ജനറിക് മരുന്നുകൾ മാത്രമേ നൽകാവൂ എന്നു തീരുമാനിച്ചത്. കൂടാതെ സാംപിൾ മരുന്നുകൾ രോഗികൾക്കു നൽകുന്നതു സൗജന്യമായി തന്നെയാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഡ്രഗ്സ് ലൈസൻസും ഫാർമസിസ്റ്റിന്‍റെ സേവനവുമുള്ള ഡോക്ടർമാർക്കു ബ്രാൻഡ് മരുന്നുകൾ നൽകുന്നതിനു തടസ്സമില്ല. വിപണിയിലിറങ്ങുന്ന പ്രധാന മരുന്നുകളിൽ പലതും ബ്രാൻഡഡ് വിഭാഗത്തിൽ ഉൾപ്പെട്ടതായതിനാൽ തീരുമാനം പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.