പ്രേംനസീർ അവാർഡ് പ്രഖ്യാപിച്ചു; ഉരു സിനിമയ്ക്ക് മൂന്ന് പുരസ്കാരങ്ങള്‍

തിരുവനന്തപുരം : നാലാമത് പ്രേംനസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്‌ പ്രൊഡക്ഷൻ നിർമിച്ച ഉരു സിനിമയ്ക്ക് മൂന്ന് അവാർഡുകൾ ലഭിച്ചു . ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, ജൂറി മെംബർമാരായ ടി.എസ് സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോൻ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

ഉരു ചലച്ചിത്രത്തിന് മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. സംവിധായകൻ ഇഎം അഷ്‌റഫ് (പ്രത്യേക ജൂറി പുരസ്‌കാരം), നിർമാതാവ് മൻസൂർ പള്ളൂർ (മികച്ച സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അവാർഡ്), മികച്ച ഗാനരചയിതാവ് പ്രഭാവർമ (കണ്ണീര്‍ക്കടലില്‍ എന്നു തുടങ്ങുന്ന ഗാനം) എന്നിവരാണ് അവാർഡിന് അർഹമായത്.

ബേപ്പൂരിലെ ഉരു നിർമാണ തൊഴിലുമായി ബന്ധപ്പെട്ട സിനിമ ഇത് വരെ ആരും സ്പർശിക്കാത്ത വിഷയമാണെന്ന് നാടക ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ചെയർമാനായ ജൂറി കമ്മിറ്റി വിലയിരുത്തി. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അറബ് കേരള ബന്ധത്തിന്‍റെ തുടക്കം ഉരു നിർമാണവുമായി ബന്ധപ്പെട്ടാണ്. വാണിജ്യ നൗകയായും ആഢംബര കപ്പലായും ഉരുവിനെ ഉപയോഗിക്കുന്ന അറബ് വംശജർ കോഴിക്കോട്ടെ ബേപ്പൂരിൽ എത്തിയതോടെയാണ് പ്രവാസത്തിന്‍റെ തുടക്കം കുറിക്കുന്നത്. ഉരു സിനിമ ഈ ചരിത്രവും കൈകാര്യം ചെയ്യുന്നു.

ഉരുവിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്തത് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇഎം അഷ്റഫാണ്. മാമുക്കോയ മൂത്താശാരിയായി അഭിനയിക്കുന്ന ചിത്രത്തിൽ മഞ്ജു പത്രോസ്, മനോജ്, അനിൽ ബേബി, അജയ് കല്ലായി, അർജുൻ എന്നിവർ അഭിനയിക്കുന്നു. എ സാബു, സുബിൻ എടപ്പാകാത്ത എന്നിവർ സഹ നിർമാതാക്കളാണ്.

Comments (0)
Add Comment