Prem Kumar| ചലച്ചിത്ര അക്കാദമി ചടങ്ങില്‍ വിട്ടുനിന്നത് ക്ഷണം ലഭിക്കാത്തതുകൊണ്ട്; ദുഃഖമുണ്ടെന്ന് പ്രേം കുമാര്‍

Jaihind News Bureau
Sunday, November 2, 2025

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഔദ്യോഗികമായി ക്ഷണം ലഭിക്കാത്തതുകൊണ്ടാണെന്ന് നടനും അക്കാദമിയുടെ മുന്‍ അധ്യക്ഷനുമായ പ്രേം കുമാര്‍ വ്യക്തമാക്കി. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പുതിയ ചെയര്‍മാനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോടാണ് പ്രേം കുമാര്‍ പ്രതികരിച്ചത്. മുന്‍ അധ്യക്ഷനെന്ന നിലയില്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ വലിയ വിഷമമുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

‘ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് ശേഷം ആ സ്ഥാനത്തേക്ക് വന്നത് ഒരു മഹാപ്രതിഭയാണ്. ലോകസിനിമയില്‍ മലയാളത്തെ എത്തിച്ച ഒരു കലാകാരന്‍ അക്കാദമിയുടെ അധ്യക്ഷനാകുന്ന ചടങ്ങില്‍ സാന്നിധ്യമാകാന്‍ ആഗ്രഹിച്ചു. എന്നാല്‍, ഔദ്യോഗികമായി ഒരു അറിയിപ്പും ക്ഷണവും ലഭിച്ചില്ല. അതില്‍ വലിയ വിഷമമുണ്ട്,’ പ്രേം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സാംസ്‌കാരിക വകുപ്പും പ്രേം കുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു എന്ന സൂചന നല്‍കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നിയമിച്ചതും സ്ഥാനത്തുനിന്ന് മാറ്റിയതും സര്‍ക്കാരാണ്. ആ തീരുമാനങ്ങളെ താന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. തന്നെ ഏല്‍പ്പിച്ച ചുമതല സുതാര്യമായും ആത്മാര്‍ത്ഥയോടും കൂടി നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നതും ആശാ സമരത്തോട് അനുകൂല നിലപാട് എടുത്തതുമാണ് സ്ഥാനമാറ്റത്തിന് കാരണമായതെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു പ്രേം കുമാറിന്റെ മറുപടി.