പ്രൊഫ. കെ.വി തോമസ് ജയ്ഹിന്ദ് ടി.വിയുടെ പുതിയ മാനേജിങ് ഡയറക്ടർ

Jaihind News Bureau
Saturday, November 21, 2020

തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വി മാനേജിങ് ഡയറക്ടറായി മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസിനെ നിയമിച്ചു. വീക്ഷണം ദിനപത്രത്തിന്‍റെ ചെയർമാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായും പ്രൊഫ. കെ.വി തോമസ് ചുമതല വഹിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.

പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായാണ് കെ.വി തോമസ് ജയ്ഹിന്ദ് ടിവിയുടെയും വീക്ഷണത്തിന്‍റെയും അമരത്ത് എത്തുന്നത്. പുതിയ നിയോഗം അദ്ദേഹത്തിൽ കോൺഗ്രസ് അർപ്പിക്കുന്ന വിശ്വാസത്തിന്‍റെ കൂടി തെളിവാണ്. തേവര കോളേജിലെ രസതന്ത്ര അധ്യാപകന് ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിലെ പരീക്ഷണങ്ങൾ അതിജീവിക്കാനായിരുന്നു കാലം ഏൽപ്പിച്ച ദൗത്യം. ആ ജോലി കെ.വി.തോമസ് ഭംഗിയായി കൈകാര്യം ചെയ്തു വരുന്നു. അങ്ങേയറ്റത്തെ കൃത്യതയോടെയാണ് അദ്ദേഹം ഭരണ തലത്തിലെ സമസ്യകൾ പരിഹരിച്ചിരുന്നത്. എംഎൽഎ ആയും എം പിയായും എറണാകുളത്തിന്റെ മനം കവർന്നു. നാട്ടുകാരുടെ സ്വന്തം തോമസ് മാഷായി നാടിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം രാഷ്ട്രീയ പടവുകൾ കയറിയത്.

അർഹതക്കുള്ള അംഗീകാരമായി പദവികൾ അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരുന്നു. സംസ്ഥാന- കേന്ദ്ര മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത കെ.വി.തോമസ് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ഏറെ പ്രിയപ്പെട്ടയാളാണ്. കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകൾ തൊട്ടറിഞ്ഞ തോമസ് മാഷ് തന്റെ വരികളിലൂടെ ആ നാടിനെ ലോക പ്രസിദ്ധമാക്കി. കേരളത്തിൽ നിർണായകമായ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കെ.വി.തോമസിന്റെ അനുഭവ സമ്പത്തും പ്രൊഫഷണൽ സമീപനങ്ങളും ജയ്ഹിന്ദ് ടിവിക്കും വീക്ഷണം ദിനപത്രത്തിനും കരുത്ത് നൽകുമെന്നാണ് പ്രതീക്ഷ.