പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിടവാങ്ങി

 

കൽപ്പറ്റ: വയനാട് വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജെൻസൻ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെന്‍റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്.

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വാഹനാപകടത്തിൽ മരിച്ചു. അമ്പലവയൽ സ്വദേശിയാണ്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും അല്‍പ്പനേരം മുമ്പ് മരണം സ്ഥിരീകരിച്ചു. വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപ്പെടെ 9 പേർക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാനിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു. കൽപറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാൻ ജെൻസന്‍റെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുമ്പ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

Comments (0)
Add Comment