പ്രയാർ ഇനി ദീപ്തമായ ഓർമ്മ… യാത്രാമൊഴി നല്‍കി രാഷ്ട്രീയ കേരളം

Jaihind Webdesk
Sunday, June 5, 2022

 

കൊല്ലം : അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻഎംഎൽഎയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ പ്രയാർ ഗോപാലകൃഷ്ണന് രാഷ്ട്രീയകേരളം വിട നൽകി. കൊല്ലം ചിതറയിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രിയ നേതാവിന്‍റെ ഭൗതിക ശരീരം സംസ്കരിച്ചു.

പ്രയാർ ഗോപാലകൃഷ്ണന്‍റെ രാഷ്ട്രീയ തട്ടകമായിരുന്ന കൊല്ലം ഡിസിസി ഓഫീസിലെ പൊതു ദർശനത്തിന് ശേഷം വിലാപയാത്രയായി ചിതറയിലെ വീട്ടിലേക്ക് കൊണ്ടുവന്ന ഭൗതിക ശരീരത്തിൽ മന്ത്രിമാരും നേതാക്കളും പാർട്ടി പ്രവർത്തകരും അന്ത്യാഭിവാദ്യം അർപ്പിച്ചു. കുടുംബാംഗങ്ങളും അടുത്ത ബന്ധുകളും അന്ത്യാഞ്ജലി അർപ്പിച്ചതോടെ മതപരമായ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ രാഷ്ട്രീയ കേരളം ധിഷണാശാലിയായ പ്രിയ നേതാവിന് വിട നൽകി.

മകൻ ഡോ. വിഷ്ണു കൃഷ്ണനും മരുമക്കളും കൊച്ചുമക്കളുമുൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾ ചേർന്ന് കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന പ്രയാറിന്‍റെ ചിതയ്ക്ക് തീ കൊളുത്തി. നേരത്തെ കൊല്ലം ഡിസിസി ഓഫീസിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പാർട്ടി പതാക പുതപ്പിച്ചു. മന്ത്രിമാരും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരി നായകരും നേതാക്കളും പാർട്ടി പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.

തുടർന്ന് പ്രയാർ ഗോപാലകൃഷ്ണൻ ഏറെക്കാലം പ്രതിനിധാനം ചെയ്ത ചടയമംഗലം നിയോജക മണ്ഡലത്തിലെ ഗ്രാമവീഥികളിലൂടെ കടന്നുവന്ന വിലാപയാത്രയിൽ പ്രിയ നേതാവിന് നൂറ് കണക്കിനുപേർ അന്ത്യയാത്രാമൊഴി നൽകി. മുഖ്യമന്ത്രിക്ക് വേണ്ടി റവന്യൂ മന്ത്രിയും കെപിസിസിക്ക് വേണ്ടി പ്രതാപചന്ദ്രൻ നായരും പ്രയാറിന്‍റെ വീട്ടിലെത്തി പുഷ്പചക്രം സമർപ്പിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എം ഹസൻ, കെ.സി ജോസഫ് തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അരനൂറ്റാണ്ടിലേറെ കാലമായി കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറഞ്ഞ് നിന്ന പ്രയാർ ഗോപാലകൃഷ്ണൻ ഇനി ദീപ്തമായ ഓർമ്മ…