കടകംപള്ളിയുടെ പ്രസ്താവന വിശ്വാസികളെ പറ്റിക്കാന്‍ ; ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കുകയാണ് വേണ്ടത് : പ്രയാര്‍ ഗോപാലകൃഷ്ണന്‍

Jaihind News Bureau
Thursday, March 11, 2021

PrayarGopalakrishnan

 

തിരുവനന്തപുരം: ശബരിമലയില്‍ സംഭവിച്ച കാര്യങ്ങളില്‍ വിഷമമുണ്ടെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന വിശ്വാസികളെ പറ്റിക്കാന്‍ വേണ്ടിയുള്ളതാണെന്ന് മുന്‍ ദേവസ്വം പ്രസിഡന്‍റ്  പ്രയാര്‍ ഗോപാലകൃഷ്ണന്‍.  കഴക്കൂട്ടത്ത് മത്സരിക്കാനായി ചെന്നപ്പോള്‍ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പുമൂലമാകണം അദ്ദേഹം ഈ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. ഈ മുതലക്കണ്ണീര്‍ കൊണ്ടൊന്നും വിശ്വാസികളുടെ മനസ്സിലേറ്റ മുറിവ് മായ്ച്ച് കളയാന്‍ കഴിയില്ല. സര്‍ക്കാരിനോ കടകംപള്ളിക്കോ ശബരിമല വിഷയത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാനാണ് ആദ്യം തയ്യാറാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിലെ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍  അടക്കമുള്ളവര്‍ ഈ കേസുകളില്‍ ജാമ്യം എടുത്തു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്. ശബരിമലയിലെ ആചാരം ലംഘിക്കാന്‍ യുവതികളെ അര്‍ദ്ധരാത്രിയില്‍ ഒളിപ്പിച്ചുകടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മന്ത്രി ആരാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. ഇത് ഏത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എന്നുകൂടി ദേവസ്വംമന്ത്രി വ്യക്തമാക്കണമെന്നും പ്രയാർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ വിഷമമുണ്ടെന്ന കടകംപള്ളിയുടെ പ്രസ്താവന വിശ്വാസികളെ പറ്റിക്കുവാൻ വേണ്ടിയുള്ളതാണ്. കഴക്കൂട്ടത്ത് മത്സരിക്കുവാനായി ചെന്നപ്പോൾ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പുമൂലമാകണം അദ്ദേഹം ഈ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയത്. ഈ മുതലക്കണ്ണീർ കൊണ്ടൊന്നും വിശ്വാസികളുടെ മനസ്സിൽ ഏറ്റ മുറിവ് മായ്ച്ച് കളയുവാൻ കഴിയില്ല. സർക്കാരിനോ കടകംപള്ളിക്കോ ശബരിമല വിഷയത്തിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കുവാനാണ് ആദ്യം തയ്യാറാക്കേണ്ടത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളിലെ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും കോൺഗ്രസ് നേതാക്കന്മാർ അടക്കമുള്ളവർ ഈ കേസുകളിൽ ജാമ്യം എടുത്തു കൊണ്ടിരിക്കുകയാണ്. സർക്കാർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് ഈ സംഭവങ്ങൾ വെളിവാക്കുന്നത്.
ശബരിമലയിലെ ആചാരം ലംഘിക്കാൻ യുവതികളെ അർദ്ധരാത്രിയിൽ ഒളിപ്പിച്ചുകടത്തിയതിന് പിന്നിൽ പ്രവർത്തിച്ച മന്ത്രി ആരാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. ഇത് ഏത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എന്നുകൂടി ദേവസ്വംമന്ത്രി വ്യക്തമാക്കണം.

കഴക്കൂട്ടത്തെ ജനകീയ കോടതിയിൽ നടക്കുന്നത് ശ്രീ.കടകംപള്ളിയുടെ വിചാരണയാണ്. ഈ ഘട്ടത്തിൽ പോലും കേരളത്തിലെ വിശ്വാസ സമൂഹത്തോട് കുറ്റമേറ്റു പറയുവാനോ ചെയ്ത തെറ്റുകൾ തിരുത്തുവാനോ അദ്ദേഹം തയ്യാറാകുന്നില്ല. കടകംപള്ളിക്ക് അദ്ദേഹം ചെയ്ത തെറ്റ് പൂർണ്ണമായി ബോധ്യമായില്ലെങ്കിലും കഴക്കൂട്ടത്തെ എല്ലാ മതവിശ്വാസികൾക്കും അദ്ദേഹം ചെയ്ത തെറ്റ് മനസ്സിലാകുന്നുണ്ട്. ഈ ജനകീയ വിചാരണയിൽ നിന്നും അദ്ദേഹത്തിനും ഈ സർക്കാരിനും രക്ഷപെടുവാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല.

ഇവിടെ ഒരു മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാത്ത എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വിശ്വാസികളുടെ ഒരു സർക്കാർ അധികാരത്തിൽ വരികതന്നെ ചെയ്യും.