കൊലപാതകക്കേസില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് മലയാളികളെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

Jaihind Webdesk
Sunday, June 9, 2019

ഒഡീഷയില്‍ നടന്ന വിദേശ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തില്‍ തന്‍റെ പേര് വലിച്ചിഴക്കുന്നത് കേരളീയരാണെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. മിഷനറിയുടെ കൊലപാതകത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സാരംഗി ഒരു സ്വകാര്യ ചാനലില്‍ പ്രതികരിച്ചു.

1999ലായിരുന്നു ഒഡിഷയിലെ ഗ്രഹാം സ്റ്റെയിൻസ് എന്ന ക്രിസ്ത്യൻ മിഷനറിയെയും കുട്ടികളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പച്ചയ്ക്ക് കത്തിച്ചുകൊന്നത്. സംസ്ഥാനത്ത് മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അവരെ കൊന്നവർക്ക് നേതൃത്വം നൽകിയത് തീവ്രഹിന്ദു സംഘടനയായ ബജ്‍രംഗദളിനെയും അതിന്‍റെ നേതാവായിരുന്ന സാരംഗിയെയുമാണ് പോലീസ് പ്രതിസ്ഥാനത്ത് നിര്‍ത്തിയത്.

ബജ്‍രംഗദളിലെ പ്രവർത്തകനായ ദാരാസിംഗായിരുന്നു കൊലപാതകത്തിന്‍റെ സൂത്രധാരൻ. അക്കാലത്ത് ബജ്‍രംഗദളിന്‍റെ ഒഡിഷയിൽ നിന്നുള്ള പ്രമുഖ നേതാവായിരുന്നു ഇപ്പോള്‍ കേന്ദ്ര മന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗി. കൊലപാതകത്തില്‍ പന്ത്രണ്ട് പേരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. സംഘടനയുമായി ബന്ധമുണ്ടായിരുന്ന ദാരാ സിം​ഗിന് വിചാരണ കോടതി വധശിക്ഷ വിധിച്ചുവെങ്കിലും 2003-ൽ ഒഡിഷ ​ഹൈക്കോടതി ഇത് റദ്ദാക്കുകയും മറ്റ് 11 പേരെ വെറുതേ വിടുകയും ചെയ്തു.

പലപ്പോഴായി ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ പലപ്പോഴും വിദ്വേഷപ്രചരണം നടത്തിയതിന് ഇപ്പോഴും ക്രിമിനൽ കേസ് നേരിടുന്നയാളാണ് സാരംഗി. ഗ്രഹാം സ്റ്റെയിന്‍സ് കൊലപാതകത്തില്‍ ദാരാ സിംഗിനെ പ്രതി ചേർത്തതിൽ പ്രതിഷേധിച്ച് 2002-ൽ ഒഡിഷ നിയമസഭയിലേക്ക് ഇരച്ചു കയറി ‘ജയ് ശ്രീറാം’ വിളിക്കുകയും വസ്തുക്കൾ തല്ലിത്തകർക്കുകയും ചെയ്തതിന് സാരംഗിക്കും അഞ്ഞൂറോളം വരുന്ന ബജ് രംഗദൾ പ്രവർത്തകർക്കുമെതിരെ ക്രിമിനൽ കേസുകളുണ്ട്.