‘ഝാൻസ കാ റാണി’ വൈറലായി പ്രശാന്ത് ഭൂഷണിന്‍റെ ട്വീറ്റ് ട്രോൾ

Jaihind News Bureau
Wednesday, February 10, 2021

ന്യൂഡൽഹി ∙ തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ വേറെയില്ലെന്ന് അവകാശപ്പെട്ട ബോളിവുഡ് നടി കങ്കണ റനൗട്ടിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പങ്ക് വച്ച ട്വീറ്റ് ട്രോൾ വീഡിയോ വൈറലാവുകയാണ്. കങ്കണ നായികയായ ‘മണികർണിക: ദ് ക്യൂൻ ഓഫ് ഝാൻസി’ എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ വിമർശനം. ‘ഝാൻസ കാ റാണി’ (തട്ടിപ്പിന്‍റെ റാണി) എന്ന കുറിപ്പോടെയാണു പ്രശാന്ത് ഭൂഷൺ 13 സെക്കൻഡുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വെളുത്ത കുതിരപ്പുറത്തിരുന്നു വാളുയർത്തി ഭടന്മാരോടൊപ്പം കുതിക്കുന്ന രംഗമാണു വീഡിയോയുടെ തുടക്കത്തിൽ. വീഡിയോയുടെ അവസാന ഭാഗത്തെത്തുമ്പോൾ യഥാർഥ കുതിരയെയല്ല കങ്കണ തെളിച്ചതെന്നും അതേ വലുപ്പമുള്ള ഒരിടത്തുറപ്പിച്ച യന്ത്രപ്പാവയിലാണ് ഇരുന്നതെന്നും വ്യക്തമാകുന്നു.

ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നേക്കാൾ കഴിവില്ലെന്നും ഏതു വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നും സ്വയം പുകഴ്ത്തിയ കങ്കണ പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവുണ്ടെന്നും ഗാൽ ഗഡോട്ടിനെപ്പോലെ ആക്‌ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും തനിക്കാകുമെന്നും പറഞ്ഞിരുന്നു.