പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിന് നന്ദി ; രാഹുലിനും പ്രിയങ്കയ്ക്കും പ്രത്യേകം നന്ദി പ്രകാശിപ്പിച്ച് പ്രശാന്ത് കിഷോർ

Jaihind News Bureau
Sunday, January 12, 2020

പൗരത്വ നിയമത്തിനെതിരായ ശക്തമായ പോരാട്ടത്തിന് കോണ്‍ഗ്രസിന് നന്ദി അറിയിച്ച് ജനതാദള്‍ യുണൈറ്റഡ് ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോർ. ബിഹാറില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത് കോണ്‍ഗ്രസ് നടത്തിയ പോരാട്ടമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

‘പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പരിശ്രമങ്ങള്‍ പ്രത്യേകം നന്ദി അര്‍ഹിക്കുന്നു’ – പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.

ബിഹാറില്‍ നിയമം നടപ്പിലാക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും പ്രശാന്ത് കിഷോർ ട്വിറ്ററില്‍ വ്യക്തമാക്കി.

നിയമത്തെ പിന്തുണച്ച് ജെ.ഡി.യു പാര്‍ലമെന്‍റില്‍ വോട്ട് ചെയ്തിരുന്നു. ഇതിനെതിരെ പ്രശാന്ത് കിഷോറും പവന്‍കുമാര്‍ എം.പിയും പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ബിഹാറില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ നിരവധി പ്രതിഷേധങ്ങളാണ് ഇതിനോടകം നടത്തിയത്. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചും യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയും പ്രിയങ്കാ ഗാന്ധി നിയമത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.