തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണം: വോട്ടിങ് മെഷീനുകളുടെ ക്രമക്കേടില്‍ ആശങ്കയുണ്ട്: പ്രണബ് മുഖര്‍ജി

Jaihind Webdesk
Tuesday, May 21, 2019

ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ആശങ്കയറിയിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനവിധിയില്‍ കൃത്രിമത്വം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ തനിക്ക് ആശങ്കയുണ്ടെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യസ്ഥതയാണെന്നും മുഖര്‍ജി പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങള്‍ അനുവദിച്ചു കൂടെന്നും യുക്തിസഹമായ സംശയങ്ങള്‍ക്ക് അതീതമായി വേണം ജനങ്ങളുടെ വിധി നിര്‍ണയം നടക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അവര്‍ അത് നിറവേറ്റുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും വേണം. അദ്ദേഹം പറഞ്ഞു.