പ്രകാശ് അംബേദ്കറുടെ വിബിഎയും ഇന്ത്യ മുന്നണിയില്‍; മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയുടെ ഭാഗമാകും

 

ന്യൂഡല്‍ഹി: പ്രകാശ് അംബേദ്കർ നയിക്കുന്ന വഞ്ചിത് ബഹുജൻ അഘാഡിയെ (VBA) പ്രതിപക്ഷ സഖ്യം ഇന്ത്യയിൽ (INDIA) ഉൾപ്പെടുത്തും. മഹാരാഷ്ട്രയിൽ കോൺഗ്രസും എന്‍സിപിയും ശിവസേനാ ഉദ്ദവ് വിഭാഗവും ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയുടെ ഭാഗമായി വഞ്ചിത് ബഹുജൻ അഘാഡി മത്സരിക്കും. സഖ്യത്തിൽ സീറ്റ് വിഭജനത്തിൽ പാർട്ടികൾ ആധിപത്യം കാണിക്കാതെ ഒന്നിച്ച് മുന്നോട്ടു പോകണമെന്ന് എന്‍സിപി (NCP) അധ്യക്ഷൻ ശരദ് പവാർ നിർദ്ദേശിച്ചു. മഹാരാഷ്ട്രയിലെ സീറ്റ് വിഭജന ചർച്ചകൾക്ക് അന്തിമരൂപം നൽകിയ കോൺഗ്രസ് ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടിയുമായുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

മഹാരാഷ്ട്ര സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ എഐസിസി (AICC) സഖ്യ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മുകുൾ വാസ്നിക്കിന്‍റെ വസതിയിലാണ് നടന്നത്. മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഓരോ പാർട്ടികളും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. എല്ലാ സീറ്റിലും വിജയിക്കുകയാണ് ലക്ഷ്യമെന്നും പ്രകാശ് അംബേദ്കർ നേതൃത്വം നൽകുന്ന വഞ്ചിത് ബഹുജൻ അഘാഡി പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഭാഗമാകുമെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത് പറഞ്ഞു.

സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ പാർട്ടികൾ ആധിപത്യം കാണിക്കാതെ ഒന്നിച്ച് മുന്നോട്ടു പോകണമെന്ന് എന്‍സിപി അധ്യക്ഷൻ ശരദ് പവാർ നിർദ്ദേശിച്ചു. താൽപര്യങ്ങൾ പലതുണ്ടെങ്കിലും മികച്ച തീരുമാനങ്ങളിലേക്കെത്തണമെന്നും ശരദ് പവാർ സഖ്യകക്ഷികളോട് പറഞ്ഞു. വലിയ തര്‍ക്കങ്ങളിലേക്ക് പോകാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല വ്യക്തമാക്കി.

Comments (0)
Add Comment