പ്രജ്ഞാ സിങ് സുപ്രധാന വാദം കേള്‍ക്കലിന് ഹാജരായില്ല; അസുഖമെന്ന് വിശദീകരണം; പാര്‍ട്ടി പരിപാടിയ്ക്കെത്തും; ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോടതി

Jaihind Webdesk
Thursday, June 6, 2019

Pragya-Sing-Thakur-

മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍ സുപ്രധാന വാദം കേള്‍ക്കലിന് ഹാജരായില്ല. വയറു വേദന കാരണം ആശുപത്രിയിലാണെന്നാണ് നല്‍കിയിരിക്കുന്ന വിശദീകരണം. മുംബൈയിലെ പ്രത്യേക കോടതി പ്രജ്ഞയ്ക്ക് ഒരു ദിവസത്തെ സമയം അനുവദിച്ചു. എന്നാല്‍ അസുഖത്തെക്കുറിച്ച് കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നാളെ ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹാജരാകാത്ത പക്ഷം ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി പ്രജ്ഞയ്ക്ക് മുന്നറിയിപ്പ് നല്‍കി.

വയറു വേദനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രിയാണ് പ്രജ്ഞയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാവിലെ നടക്കുന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ പ്രജ്ഞ പങ്കെടുക്കുമെന്നും അവര്‍ പറയുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലമാണ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കേണ്ടി വരുന്നതെന്നും പാരിപാടി അവസാനിച്ചാലുടന്‍ പ്രജ്ഞ ആശുപത്രിയിലേക്ക് മടങ്ങുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ പറയുന്നു.

മലേഗാവ് കേസിന്‍റെ വിചാരണ വേളയില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികളും ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രജ്ഞ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം എന്‍.ഐ.എ കോടതി തള്ളിയിരുന്നു. പാര്‍ലമെന്‍റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ആവശ്യം മുഖവിലയ്‌ക്കെടുക്കാത്ത കോടതി വാദം കേള്‍ക്കാന്‍ ഈ ആഴ്ചതന്നെ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്ഫോടനം ഉണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011 ഏപ്രിലിലാണ് കേസ് എന്‍ഐഎയ്ക്കു കൈമാറിയത്.