പൊഴിയൂര്‍ മോശം അവസ്ഥയില്‍, സർക്കാരിന്‍റെ അടിയന്തര ‌ഇടപെടൽ വേണം : ശശി തരൂർ എം.പി

 

തിരുവനന്തപുരം : ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂരിൽ അടിയന്തര സഹായമെത്തിക്കണമെന്ന് ശശി തരൂര്‍ എം.പി. കടലാക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ കടലെടുക്കുകയും ചെയ്തു.  വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് തരൂര്‍ സംസ്ഥാന സര്‍ക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

വീടുകൾ നഷ്ടപ്പെട്ടവർ ഇപ്പോൾ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇവരുടെ ഭക്ഷണ, ആരോഗ്യ വിഷയങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. തീരദേശവാസികൾക്കായി നിർമിച്ച വീടുകൾ അടിയന്തരമായി ഗുണഭോക്താക്കൾക്ക് അനുവദിച്ച് നൽകണം.

കൊവിഡ് ബാധിതനായതിന് ശേഷമുള്ള തുടര്‍ ചികിത്സയിലാണ് ശശി തരൂര്‍. ആരോഗ്യം വീണ്ടെടുത്താൽ ഉടനെ താൻ പൊഴിയൂർ സന്ദർശിക്കുമെന്ന് ശശി തരൂർ അറിയിച്ചു. പൊഴിയൂർ തെക്കൻ കൊല്ലംകോടിലെ കേരള-തമിഴ്നാട് അതിർത്തിയിലെ നിരവധി വീടുകളും പ്രദേശത്തെ റോഡുകളുമാണ് ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞത്.

Comments (0)
Add Comment