പോത്തന്‍കോട് കൊലപാതകം : മൂന്ന് പേർ കസ്റ്റഡിയില്‍; ഗുണ്ടാപ്പകയെന്ന് പൊലീസ്

Jaihind Webdesk
Sunday, December 12, 2021

 

തിരുവനന്തപുരം : പോത്തൻകോട് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിലായി. ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ് എന്നിവരാണ് പിടിയിലായത്. ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം മൂന്നായി. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാപ്പകയെന്ന് പൊലീസ് അറിയിച്ചു.

കൊലയാളി സംഘത്തിലെ ഓട്ടോ ഡ്രൈവർ രഞ്ജിത്താണ് ആദ്യം പിടിയിലായത്.  കണിയാപുരം സ്വദേശി രഞ്ജിത്തിനെ വഞ്ചിയൂരിലെ ഭാര്യവീട്ടിൽ നിന്നാണ് പിടികൂടിയത്. രാത്രി രണ്ടുമണിയോടെയാണ് രഞ്ജിത്തിനെയും അയാൾ ഓടിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗുണ്ടാപ്പകയുടെ പേരിൽ ചെമ്പകമംഗലം പന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഒരു ഓട്ടോയിലും രണ്ടു ബൈക്കുകളിലുമായി എത്തിയ സംഘം കൊലയ്ക്ക് ശേഷം മൂന്നായി തിരിഞ്ഞ് ഒളിവിൽ പോയതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികള്‍ക്കായി രാത്രിയിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.

നിധീഷിനെ കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത കൊലയാളി സംഘം ബൈക്കില്‍ നിന്ന് ഇത് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഒരാഴ്ച മുമ്പ് ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലെ മങ്കാട്ടുമൂലയിൽ നടന്ന അക്രമ സംഭവത്തിൽ ഒന്നാം പ്രതിയായിരുന്നു സുധീഷ്. സംഘത്തിലെ മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കൊലയാളികളെ തിരിച്ചറിഞ്ഞത്.