പോത്തന്‍കോട് സുധീഷ് വധം: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

Jaihind Webdesk
Monday, December 20, 2021

തിരുവനന്തപുരം : പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യ പ്രതി ഒട്ടകം രജേഷ് പിടിയിലായി. കൊല്ലത്തു നിന്നാണ് രാജേഷിനെ പിടികൂടിയത്. ഇതോടുകൂടി കേസിലെ ഒന്നാം പ്രതി ഉണ്ണി ഉൾപ്പെടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 പ്രതികളും അറസ്റ്റിലായി.

ഇന്ന് പുലർച്ചെയാണ് ഒട്ടകം രാജേഷിനെ കൊല്ലത്ത് നിന്നും പൊലീസ് പിടികൂടിയത്. ഇതോടുകൂടി കേസിലെ ഒന്നാം പ്രതി ഉണ്ണി ഉൾപ്പെടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളും അറസ്റ്റിലായി. സുധീഷ് വധക്കേസിന് പുറമേ രണ്ട് കൊലക്കേസുള്‍പ്പെടെ അമ്പതോളം കേസുകളില്‍ പ്രതിയാണ് ഒട്ടകം രാജേഷ്. സുധീഷ് വധത്തിലെ സൂത്രധാരന്‍ രാജേഷ് ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കൊലപാതകത്തിന് ആളെ സംഘടിപ്പിച്ചതും എത്തരത്തില്‍ വേണമെന്ന് ആസൂത്രണം നടത്തിയതുമെല്ലാം ഒട്ടകം രാജേഷിന്‍റെ നേതൃത്വത്തിലാണ്.

അതിനിടെ രാജേഷിനായുള്ള തെരച്ചിലിനിടെ എസ്എപി ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ എസ് ബാലു വള്ളം മറിഞ്ഞ് മരണപ്പെടുകയും ചെയ്തു. ഒട്ടകം രാജേഷ് ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചതിനെ തുടർന്ന് കടയ്ക്കാവൂർ പണയിൽ കടവിലേക്ക് പോകുമ്പോഴാണ് വള്ളം മറിഞ്ഞ് അപകടം നടന്നത്. ഇതിനിടെ രാജേഷ് കീഴടങ്ങാനുള്ള ശ്രമവും നടത്തിയിരുന്നു. വർക്കല പൊലീസിന് മുമ്പാകെ കീഴടങ്ങാൻ ആയിരുന്നു പദ്ധതി. എന്നാൽ പോലീസുകാരൻ മരിച്ചതറിഞ്ഞ് ശ്രമം ഉപേക്ഷിച്ചതായും സ്‌പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. കൃത്യം നടന്ന പത്ത് ദിവസം പിന്നിട്ട ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി ഫോൺ ഉപയോഗിക്കാത്തതും അന്വേഷണ സംഘത്തെ വളരെയധികം വലച്ചിരുന്നു.