‘കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ…’ കാനത്തിനെതിരെ പാർട്ടിയില്‍ പടയൊരുക്കം; ആലപ്പുഴയില്‍ പോസ്റ്റര്‍

Jaihind Webdesk
Friday, July 26, 2019

സി.പി.ഐയിലെ കലഹം പുതിയ തലങ്ങളിലേക്ക്. സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും വിനീതവിധേയനായി നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. സി.പി.ഐ എം.എല്‍.എ എല്‍ദോ ഏബ്രഹാമിനും എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും മര്‍ദനമേറ്റ സംഭവത്തില്‍ കാനത്തിന്‍റെ പ്രതികരണവും തുടര്‍ന്നുള്ള മൌനവുമാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നത്.

വിഷയത്തില്‍ കാനത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ആലപ്പുഴയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. സി.പി.ഐയിലെ തിരുത്തല്‍വാദികള്‍ എന്ന പേരില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലാണ് പോസ്റ്റർ പതിച്ചത്. എല്‍ദോ ഏബ്രഹാം എം.എല്‍.എക്കും, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ളതാണ് പോസ്റ്റർ.

എല്‍ദോ എബ്രഹാം എംഎല്‍എ അടിമേടിച്ചത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടെന്നായിരുന്നു കാനം സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാൻ കഴിയൂവെന്നുമാണ് കാനം പറഞ്ഞത്.

അതേസമയം  മുഖ്യമന്ത്രി പിണറായി വിജയന്‍ ബ്ലാക്ക്മെയില്‍ ചെയ്തതുകൊണ്ടാണ് കാനം രാജേന്ദ്രന്‍റെ നിലപാടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മകനെ രക്ഷിക്കാന്‍ കാനം പാര്‍ട്ടിയെ വിറ്റു എന്ന ആരോപണവും ശക്തമാണ്. ഭരണമുന്നണിയുടെ പോലീസ്, പാര്‍ട്ടിയിലെ എം.എല്‍.എയും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി തല്ലിച്ചതച്ചിട്ടും പിണറായിക്ക് വിനീതവിധേയനായി സ്തുതി പാടുന്നതിനെതിരെ കാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.