സിപിഎമ്മില്‍ കൊടുമ്പിരിക്കൊണ്ട് പോസ്റ്റർ യുദ്ധം ; പൊന്നാനിയില്‍ കൂട്ടരാജി ; പ്രതിസന്ധി

Jaihind News Bureau
Tuesday, March 9, 2021

സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയും വെട്ടിനിരത്തലിനെതിരായ പ്രതിഷേധവും സി.പി.എമ്മില്‍ തുടരുന്നതിനിടെ പി രാജീവിനെതിരെ കളമശേരിയിൽ വീണ്ടും പോസ്റ്ററുകൾ. കളമശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ ചന്ദ്രൻ പിള്ളയെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം സിപിഎം പ്രവർത്തകർ ഞായറാഴ്ച രാത്രിയും മണ്ഡലത്തിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. മഞ്ചേശ്വരത്തും ആലപ്പുഴയിലും ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതിനിടെ ഇന്നലെ പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങിയ പൊന്നാനിയില്‍ സിപിഎമ്മില്‍ നിന്ന് കൂട്ടരാജിയും അരങ്ങേറി.

കളമശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പി രാജീവിനെതിരെ പോസ്റ്ററുകൾ പതിച്ചത്. അഴിമതി വീരൻ വിഎ സക്കീർ ഹുസൈൻ്റെ ഗോഡ്ഫാദർ പി രാജീവിനെ കളമശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററുകളിലും പ്ലക്കാർഡുകളിലുമുള്ളത്. പി രാജീവ് സക്കീർ ഹുസൈൻ്റെ ഗോഡ് ഫാദറെന്ന് പോസ്റ്ററിൽ പരാമര്‍ശമുണ്ട്. പാർട്ടി നടപടിക്ക് വിധേയനായ മുൻ ഏരിയാ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ എന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കെ ചന്ദ്രൻ പിള്ളയ്ക്കുവേണ്ടി രണ്ട് ദിവസം മുമ്പ് വ്യാപകമായി പോസ്റ്ററുകൾ വന്നിരുന്നു. മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ ആർ ജയാനന്ദക്കെതിരെയും പോസ്റ്ററുകൾ വന്നു. ഉപ്പള ടൗണിലും പരിസരത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ.

ഇന്നലെ പൊന്നാനിയിലും കുറ്റ്യാടിയിലും പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെ പൊന്നാനിയിൽ സിപിഎമ്മിൽ കൂട്ടരാജിയും അരങ്ങേറി. വിവിധ ബ്രാഞ്ച് ലോക്കൽ കമ്മറ്റി അംഗങ്ങൾ രാജിക്കത്ത് നൽകി. കൂടുതൽ പ്രവർത്തകർ രാജി സന്നദ്ധ അറിയിച്ചെത്തിയിട്ടുണ്ട്. ടി.എം സിദ്ധിക്കിനെ സ്ഥാനാർഥി ആക്കണം എന്ന് അവശ്യപ്പെട്ടാണ് രാജി.