തൃശൂർ : ചേലക്കര സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. നിലവിലെ എംഎൽഎ യു.ആർ പ്രദീപിനെ മാറ്റി നിർത്താനുള്ള നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ അണികൾ രംഗത്തെത്തി. മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണൻ വേണ്ട എന്ന് ചേലക്കര സഖാക്കളുടെ പേരിൽ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
നിലവിലെ എംഎൽഎ യു.ആർ പ്രദീപിനെ മാറ്റി കെ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം തീരുമാനിച്ചതിനു പിന്നാലെ യു.ആർ പ്രദീപിന്‍റെ വീട് ഉൾപ്പെടുന്ന ദേശമംഗലം, വരവൂർ പഞ്ചായത്തുകളിൽ ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘യു.ആർ പ്രദീപിനെ വീണ്ടും സ്ഥാനാർത്ഥിയാക്കണം, ജനാധിപത്യം തോറ്റു, പണാധിപത്യം ജയിച്ചു, യു.ആർ പ്രദീപിനെ രാഷ്ട്രീയ രക്തസാക്ഷി ആക്കിയത് ആർക്കുവേണ്ടി?, കെ രാധാകൃഷ്‌ണൻ ചേലക്കരയിൽ വേണ്ട’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. ഈ പോസ്റ്ററുകൾ പിന്നീട് മറ്റൊരു വിഭാഗം കീറിക്കളഞ്ഞു.
സിപിഎമ്മിലെ വിഭാഗീയതയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഒരു ടേം മാത്രം പൂർത്തിയാക്കിയ യുവ എംഎൽഎ യു.ആർ പ്രദീപിനെ മാറ്റി നിർത്തുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. പ്രദീപിന് തന്നെയാണ് മണ്ഡലത്തിൽ ജയസാധ്യതയെന്നാണ് പാർട്ടി അണികൾ കരുതുന്നത്. കെ രാധാകൃഷ്ണനെ വടക്കാഞ്ചേരിയിൽ നിയോഗിക്കണമെന്നും ഒരു വിഭാഗം അവശ്യപ്പെടുന്നു. ചേലക്കരയിൽ മുൻപ് നാലു തവണ കെ രാധാകൃഷ്ണൻ മത്സരിച്ചതാണ്. യു.ആർ പ്രദീപിനെ ഒഴിവാക്കിയതോടെ തൃശൂർ ജില്ലയിലെ സിപിഎം പട്ടികയിൽ യുവാക്കളുടെ പ്രാതിനിധ്യവും ഇല്ലാതായി.