തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങളെ ഭീഷണിപ്പെടുത്തി അവരുടെ പോസ്റ്റല്‍ വോട്ടുകള്‍ അസോസിയേഷന്‍ നേതാക്കള്‍ കൂട്ടത്തോടെ കൈക്കലാക്കി എന്ന് ഇന്റലിജന്‍സ് മേധാവി തന്നെ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഇത്തവണ പൊലീസ് സേനയ്ക്ക് നല്‍കിയ പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണ്ണമായി തിരികെ വാങ്ങി പകരം ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി പൊലീസുകാര്‍ക്ക് നേരിട്ടു വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയോട് ആവശ്യപ്പെട്ടു.
പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ ഗുരുതരമായ തിരിമറിയാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. ഇതിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് താന്‍ രണ്ടു കത്ത് നല്‍കിയിരുന്നെന്ന് രമേശ് ചെന്നിത്തല ഓര്‍മ്മപ്പെടുത്തി. അന്ന് അതിന്മേല്‍ നടപടി എടുത്തിരുന്നെങ്കില്‍ ഈ അട്ടിമറി നടക്കില്ലായിരുന്നു. പൊലീസില്‍ 50,000 ത്തോളം പോസ്റ്റല്‍ വോട്ടുകളാണുള്ളത്. ഇത് ചെറിയ സംഖ്യയല്ല. തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ ഇവയുടെ തിരിമറിയിലൂടെ കഴിയും.
അതിനാല്‍ ഇത്തവണ വിതരണം ചെയ്ത പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണ്ണമായി തിരിച്ചെടുക്കുകയും പകരം പൊലീസുകാര്‍ക്ക് വോട്ടു ചെയ്യുന്നതിന് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഏര്‍പ്പെടുത്തുകയും വേണം. വോട്ടെണ്ണുന്നതിന് ഇനിയും രണ്ടാഴ്ച ഉള്ളതിനാല്‍ അതിനുള്ള സാവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അതോടൊപ്പം ഈ തിരിമറി നടത്തിയ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കും അതിന് ഒത്താശ ചെയ്തവര്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.