ന്യൂഡൽഹി: പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കണമെന്ന ഇന്ത്യാ സഖ്യത്തിന്‍റെ ആവശ്യത്തോട് മുഖംതിരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നും കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നും ജാഗ്രത വേണമെന്നുമുള്ള ആവശ്യമുന്നയിച്ചാണ് ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
എന്‍ഡിഎ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ അട്ടിമറി ശ്രമമുണ്ടെന്നാണ് ഇന്ത്യാ സഖ്യത്തിന്‍റെ ആരോപണം. 295 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ സഖ്യത്തിന്‍റെ വിലയിരുത്തല്‍. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇന്ത്യാ സഖ്യം ആവശ്യപ്പെട്ടു. ഫലം അട്ടിമറിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരെ നേരിട്ടുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷം അന്തിമ പോളിംഗ് കണക്കുകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസത്തിനെതിരെയും ഇന്ത്യാ സഖ്യ നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.