എഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരേ ഇന്ന് നടപടിക്ക് സാധ്യത; അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രിയെ ധരിപ്പിക്കും

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ നടപടിയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയുടെ വിശദീകരണം തള്ളി എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ തീരുമാനമാണ് നിര്‍ണായമാവുക.

എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ രാത്രി ഡിജിപി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെതിരെ പരാമര്‍ശം ഉണ്ടെന്നാണ് സൂചന. പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളെ കൂടാതെ എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമര്‍ശമുള്ളത്.

Comments (0)
Add Comment