സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Jaihind Webdesk
Sunday, February 17, 2019

തലശേരി: പേരാവൂര്‍ വിളക്കോട്ടെ സിപി എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പതു പ്രതികള്‍ക്കും ജീവപര്യന്തം തടവും 30,000 രൂപ വീതം പിഴയും ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു. പി കെ ലത്തീഫ്, യു കെ സിദ്ധീക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഫാറൂഖ് , പാനേരി ഗഫൂര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളും അയല്‍വാസികളുമായ പി കെ ഗിരീഷ്, കുറ്റേരി രാജന്‍ എന്നിവരോടൊപ്പം രാത്രി എട്ടരയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചാക്കാട് പള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ പതിയിരുന്ന എന്‍ഡിഎഫ് സംഘം മഴു, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്കും ദേഹമാസകലവും വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗിരീഷിനും രാജനും സാരമായി പരിക്കേറ്റിരുന്നു. ഇവരുള്‍പ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ വിസ്തരിച്ചു.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മാത്യൂ, അഡ്വ. ജാഫര്‍ നല്ലൂര്‍ എന്നിവര്‍ ഹാജരായി.