പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം : പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രാത്രി 12.20ന് ആയിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.  ഹൃദയസ്തംഭനമാണ് മരണകാരണം. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും.

1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എഎംഐഇ പാസായി.

കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ‍ഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു.

‘മൗനമേ നിറയും മൗനമേ…’ (തകര), ‘സിന്ദൂര സന്ധ്യയ്ക്ക് മൗനം…’ (ചൂള), ‘രാജീവം വിടരും നിൻ മിഴികൾ…’ (ബെൽറ്റ് മത്തായി), ‘മഴവില്ലിൻ അജ്‌ഞാതവാസം കഴിഞ്ഞു…’ (കാറ്റുവിതച്ചവൻ), ‘നാണമാവുന്നു മേനി നോവുന്നു…’ (ആട്ടക്കലാശം), ‘എന്റെ ജന്മം നീയെടുത്തു…’(ഇതാ ഒരു ധിക്കാരി), ‘ഇത്തിരി നാണം പെണ്ണിന് കവിളിൽ…’ (തമ്മിൽ തമ്മിൽ), ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ…’ (കായലും കയറും), ‘നീയെന്റെ പ്രാർഥനകേട്ടു…’ (കാറ്റു വിതച്ചവൻ), ‘കിളിയേ കിളിയേ…’ (ആ രാത്രി), ‘പൂമാനമേ ഒരു രാഗമേഘം താ…’ (നിറക്കൂട്ട്), ‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ….’ (താളവട്ടം), ‘മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ….’ (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളിൽ ചിലതുമാത്രമാണ്.

കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു. ആമിനയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന.