സാംസ്കാരിക ലോകത്തിന് മറ്റൊരു നഷ്ടം കൂടി ; പൂവച്ചല്‍ ഖാദറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊവിഡ് കേരളത്തിന്റെ സാംസ്കാരിക ലോകത്തിന് വരുത്തിയ മറ്റൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

‘മലയാളിക്ക് മനസ്സിൽ പതിറ്റാണ്ടുകളോളം സൂക്ഷിക്കാൻ ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച പൂവച്ചൽ ഖാദർ യാത്രയായി. അദ്ദേഹത്തിന്റെ വരികൾ മൂളാത്ത മലയാളി ഇന്നത്തെ തലമുറയിൽ പോലും വിരളമായിരിക്കും. അത്രമേൽ വൈകാരികവും ആഴത്തിൽ സ്പർശിക്കുന്നതും പ്രണയാർദ്രവും ആയിരുന്നു അദ്ദേഹത്തിന്റെ രചനകൾ. കൊവിഡ് കേരളത്തിന്റെ സാംസ്കാരിക ലോകത്തിന് വരുത്തിയ മറ്റൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന് ആദരവ് അർപ്പിക്കുന്നു’- വി.ഡി സതീശന്‍ കുറിപ്പില്‍ കൂട്ടിച്ചേർത്തു.