തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലറെ ഗവർണർ ഇന്ന് നിയോഗിച്ചേക്കും. വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം നിലവിലെ വിസി ഡോ. ശശീന്ദ്രൻ രാജിവെച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ഉരുണ്ടുകളി തുടരുകയാണ്. അന്വേഷണം വൈകിയാൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് സിദ്ധാർത്ഥന്‍റെ കുടുംബം. സിദ്ദാർത്ഥന്‍റെ പിതാവ് പ്രതിപക്ഷ നേതാവിനെ കണ്ട് ആശങ്കകള്‍ ധരിപ്പിച്ചു.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന പേരിൽ അന്ന് സർവകലാശാലാ വിസിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു പുതിയ വൈസ് ചാൻസലറായി ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചത്. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട 33 പേരെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട നടപടി വിവാദമായിരുന്നു. ആന്‍റി റാഗിംഗ് കമ്മിറ്റി നടപടിയെടുത്ത സീനിയര്‍ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 33 പേരെയാണ് കഴിഞ്ഞദിവസം വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്തത്.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിദ്ധാർത്ഥന്‍റെ കുടുംബം ആരോപിച്ചു. എസ്എഫ്ഐക്കാർ പ്രതിസ്ഥാനത്തുള്ള കേസില്‍ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടി. നടപടി വിവാദമായതോടെ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിസി രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ പറയുന്നത്. എന്നാൽ ഗവർണർ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാനും വിശദമായ റിപ്പോര്‍ട്ട് നല്‍കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.