ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പിക്കാര്‍ തല്ലിച്ചതച്ചു; അക്രമികള്‍ക്കെതിരെ നടപടിയില്ല

Jaihind Webdesk
Tuesday, April 23, 2019

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തരുടെ വാദം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ മുഹമ്മദ് സുബൈറാണ് ആക്രമണത്തിന് ഇരയായിട്ടുള്ളത്.

വനിതാ വോട്ടര്‍മാരെ സമാജ് വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഓഫീസറെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് നീക്കിയെങ്കിലും അക്രമികള്‍ക്കെതിരെ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ പത്ത് ലോക്‌സഭ സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ഇതിന് പുറമേ ഉത്തര്‍പ്രദേശിലെ റാംപൂരില്‍ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അബ്ദുള്ള അസംഖാന്‍ രംഗത്തെത്തിയിരുന്നു. ഏട്ടയില്‍ ചില പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വോട്ടര്‍മാരെ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ രണ്ട് ആരോപണങ്ങളും ജില്ലാ മജിസ്‌ട്രേറ്റ് തള്ളിക്കളഞ്ഞിരുന്നു. വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച ജനങ്ങളെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും അബ്ദുള്ള അസംഖാന്‍ ആരോപിച്ചിരുന്നു.