മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പോളിങ് പുരോഗമിക്കുന്നു ; ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പിനിടെ കല്ലേറുണ്ടായി


ഡല്‍ഹി: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ 1 മണി വരെ 32.18 ശതമാനം പോളിങ് രേഖപ്പെടുത്തി. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ 47.92 ശതമാനമാണ് ഇതുവരെയുള്ള പോളിങ്. മഹാരാഷ്ട്രയില്‍ 2019നെ അപേക്ഷിച്ച് വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും നേരത്തെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

അതെസമയം ഉത്തര്‍പ്രദേശില്‍ മിരാപൂരില്‍ ഉപതെരഞ്ഞെടുപ്പിനിടെ കല്ലേറുണ്ടായി. വോട്ടര്‍മാരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.

മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 234 എണ്ണം ജനറല്‍ മണ്ഡലങ്ങളും 54 എണ്ണം സംവരണ മണ്ഡലങ്ങളുമാണ്.ആകെ 4,140 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

മഹാരാഷ്ട്രയില്‍ ലോക് പോള്‍ നടത്തിയ പ്രീപോള്‍ സര്‍വെയില്‍ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ഭരണകക്ഷിയായ മഹായുതിയെ മറികടന്ന് മഹാ വികാസ് അഘാഡി അധികാരത്തിലേറും എന്നാണ് പ്രീപോള്‍ സര്‍വ്വേ പ്രവചനങ്ങള്‍. 151 മുതല്‍ 162 വരെ സീറ്റുകള്‍ മഹാ വികാസ് സഖ്യം നേടുമെന്നും ഭരണകക്ഷിയായ മഹായുതിക്ക് 115 മുതല്‍ 128 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

Comments (0)
Add Comment