പുല്‍വാമ പ്രസംഗം; പ്രധാനമന്ത്രിക്കെതിരായ പരാതി കമ്മീഷന്‍റെ സൈറ്റില്‍ നിന്ന് ‘കാണാതായി’

Jaihind Webdesk
Wednesday, April 24, 2019

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുല്‍വാമ ആക്രമണവും ബലാക്കോട്ട് മിന്നലാക്രമണവും പരാമര്‍ശിച്ച് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ലത്തൂരില്‍ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയാണ് കമ്മീഷന്‍റെ സൈറ്റില്‍ നിന്ന് ‘കാണാതായത്’.

തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട 426 പരാതികള്‍ കമ്മീഷന്‍റെ സൈറ്റില്‍ കാണാനാകും. എന്നാല്‍ മോദിക്കെതിരായ പരാതി സൈറ്റില്‍ ഇല്ല. ഏപ്രില്‍ 9 ന് കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്രസിംഗ് എന്നയാളാണ് പരാതി നല്‍കിയത്. പുല്‍വാമയില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ട് മിന്നലാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും വോട്ട് ചെയ്യുക എന്ന് പറഞ്ഞ് മോദി നടത്തിയ പ്രസംഗത്തിനെതിരായാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് കമ്മീഷന് പരാതി നല്‍കിയത്. സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്ന മോദിയുടെ നടപടിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കമ്മീഷന്‍ വിശദീകരണം തേടിയെങ്കിലും തുടര്‍ന്ന് യാതൊരു നടപടിയുമുണ്ടായിരുന്നില്ല. പരാതിക്ക് ശേഷവും മോദി സൈന്യത്തെ രാഷ്ട്രീയവത്ക്കരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു.

പരാതിയുടെ പുരോഗതി സംബന്ധിച്ച് പൊതുജനത്തിന് അറിയാനുള്ള ഭാഗത്ത് ‘പരിഹരിച്ചു’ എന്നാണ് കാണിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരാതി പരിഹരിച്ചിട്ടില്ലെന്നും അതൊരു ‘സാങ്കേതിക തകരാറാ’ണെന്നുമായിരുന്നു ഔദ്യോഗികമായി ലഭിച്ച വിശദീകരണം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും മറുപടി ലഭിച്ചു. ചട്ടലംഘനം കണ്ടെത്തിയാല്‍ നടപടിയുണ്ടായേക്കുമെന്ന സൂചന നല്‍കിയെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.