മോദിക്കും അമിത് ഷായ്ക്കും നല്‍കിയ അഞ്ച് ക്ലീന്‍ ചിറ്റിലും കമ്മീഷനില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഏഴ് ക്ലീന്‍ ചിറ്റുകളില്‍ അഞ്ചിലും അഭിപ്രായഭിന്നത ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി കോണ്‍ഗ്രസ് നല്‍കിയ പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ ഏഴെണ്ണത്തില്‍ അഞ്ചിലും കമ്മീഷനിലെ ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അലോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. മോദിക്കെതിരെ സമര്‍പ്പിച്ച അഞ്ച് പരാതികളില്‍ നാലിലും കമ്മീഷനില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. അമിത്ഷായ്ക്കെതിരായ രണ്ട് പരാതികളില്‍ ഒരെണ്ണത്തിലും കമ്മീഷനിലെ ഒരു അംഗം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായമെന്ന അപൂര്‍വ നടപടിപ്രകാരമാണ്  മോദിക്കും ഷായ്ക്കും അനുകൂലമായി കമ്മീഷന്‍ തീര്‍പ്പ് കല്‍പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിലെ പരാമര്‍ശം, ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെടുത്തി സൈന്യത്തിന്‍റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത് തുടങ്ങിയ പരാതികളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടലംഘനമില്ലെന്ന കണ്ടെത്തല്‍ നടത്തിയത്. ആകെ 11 പരാതികളാണ് മോദിയുടെയും ഷായുടെയും ചട്ടലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നത്. പരാതികളില്‍ തീരുമാനം വൈകിപ്പിക്കുന്ന കമ്മീഷന്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുവര്‍ക്കുമെതിരായ ചട്ടലംഘന പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

PM Narendra ModiElection Commissionamit shah
Comments (0)
Add Comment