സന്നദ്ധപ്രവര്‍ത്തനത്തിലും രാഷ്ട്രീയം; ഡി.വൈ.എഫ്.ഐയുടെ ആപ്പ് പൂട്ടിച്ച് അധികൃതർ

Jaihind News Bureau
Thursday, April 9, 2020

സന്നദ്ധപ്രവർത്തനത്തിന് രാഷ്ട്രീയ നിറം പകരാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐയുടെ മൊബൈല്‍ ആപ്പിന് താഴിട്ട് അധികൃതര്‍. അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ എന്ന പേരിൽ ഡി.വൈ.എഫ്.ഐ പുറത്തിറക്കിയ ‘ഗെറ്റ് എനി’ എന്ന മൊബൈല്‍ ആപ്പിന്‍റെ പ്രവര്‍ത്തനമാണ് അധികൃതര്‍ ഇടപെട്ട് നിർത്തലാക്കിയത്.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലാണ് ആപ്പ് പുറത്തിറക്കിയത്. കൊവിഡ് വ്യാധിയുടെ കാലത്ത് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനിടെ, ഡി.വൈ.എഫ്.ഐയുടെ പേരില്‍ പുറത്തിറക്കിയ ആപ്പിലെ രാഷ്ട്രീയത്തിനെതിരെ പരാതി ഉയർന്നു. സന്നദ്ധപ്രവർത്തനത്തില്‍ രാഷ്ട്രീയം കലർത്തുവെന്ന പരാതി അധികൃതർക്ക് മുന്നിലെത്തിയതോടെ രണ്ടാം ദിവസം തന്നെ അധികൃതര്‍ ഇടപെടുകയും ആപ്പ് നിർത്തലാക്കുകയുമായിരുന്നു. അതേസമയം ആപ്പിനെതിരെ പരാതി നൽകിയത് സംഘടനയ്ക്കുള്ളിലെ ചിലർ തന്നെയാണെന്നും ആക്ഷേപമുണ്ട്.