സിദ്ധരാമയ്യക്കെതിരായ നീക്കത്തിന് പിന്നില്‍ നാണംകെട്ട രാഷ്ട്രീയ ഗൂഢാലോചന; മോദി സർക്കാരിന്‍റെ രാഷ്ട്രീയപകപോക്കലിന്‍റെ ഭാഗമെന്ന് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: മുഡ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ നീക്കം മോദി സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമെന്ന് കോണ്‍ഗ്രസ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം കർണാടകയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജെവാല പറഞ്ഞു. കോണ്‍ഗ്രസ് സർക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള ശ്രമം കൂടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ജനവിധിയെയും അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും  ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ഇടനാഴികളിൽ നാണംകെട്ട രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുർജെവാല പറഞ്ഞു. ആരോപണങ്ങളെ നിയമപരമായ മാർഗങ്ങളിലൂടെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങള്‍ കോൺഗ്രസ് പാർട്ടിക്ക് നല്‍കിയ തിളക്കമാർന്ന വിജയത്തില്‍ അസ്വസ്ഥരായ ബിജെപി കോൺഗ്രസ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള തന്ത്രങ്ങൾ അവലംബിക്കുകയാണ്. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ഇപ്പോള്‍ അവരുടെ ‘പാവ ഗവർണറെ’ ഉപയോഗിക്കുകയാണെന്ന് സുർജെവാല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ അഞ്ച് കോടിയിലധികം വരുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന സർക്കാരിനെതിരായ ബിജെപി നീക്കത്തെ ജനങ്ങളെ അണിനിരത്തിയും നിയമപരമായും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ഒപ്പമാണ് സുര്‍ജെവാല ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നേതൃത്വം നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സിദ്ധരാമയ്യക്കൊപ്പമുണ്ടെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി.

Comments (0)
Add Comment