കടകംപള്ളി സുരേന്ദ്രനെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത അധ്യാപകന് നേരെ പ്രതികാര നടപടി; സസ്പെന്‍ഷന്‍

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചതിൽ അധ്യാപകനെ തേടിയെത്തിയത് പ്രതികാര നടപടി. വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിലെ അധ്യാപകനും കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ സെക്രട്ടറിയുമായ സി എസ് ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്.

പോത്തൻകോട് സ്കൂളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലോക്ക് ഡൗൺ ലംഘിചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആദർശ് പങ്കെടുത്തിരുന്നു. മന്ത്രിയുടെ ചിത്രത്തിൽ ചെരുപ്പുമാല ചാർത്തി നടത്തിയ പ്രതിഷേധത്തിനിടെ പകർത്തിയ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സ്കൂൾ മാനേജ്മെൻറ് ആദർശിന്‌ സസ്പെൻഷൻ ഉത്തരവ് നൽകിയത്. തനിക്ക് നേരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് ശ്രമിക്കുന്നതെന്നും
പ്രതികാര നടപടിയിൽ മന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ സംശയിക്കുന്നുണ്ടെന്നും ആദർശ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ആദർശിനെ സസ്‌പെന്‍റ് ചെയ്തുകൊണ്ട് ദേവസംബോർഡ് മാനേജ്‌മെന്‍റ് എടുത്ത തീരുമാനം പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രീയ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ നിലപാട്.

Comments (0)
Add Comment