പിണറായിയുടെ നാല് വര്‍ഷത്തിനിടെ നാല് ചെറുപ്പക്കാര്‍; ഷുഹൈബ്, കൃപേഷ്, ശരത്‌ലാൽ… ഇപ്പോള്‍ നൗഷാദ്‌

ഷുഹൈബ്… കൃപേഷ്… ശരത്‌ലാൽ… ഇപ്പോള്‍ നൗഷാദ്‌…

പിണറായി സർക്കാരിന്‍റെ അധികാരം നാലാം വർഷത്തിലെത്തിയപ്പോള്‍ നാല് ചെറുപ്പക്കാരാണ് കൊലക്കത്തിക്ക് ഇരയായത്. എന്തായിരുന്നു ഇവർ ചെയ്ത കുറ്റം? അല്ലെങ്കില്‍ത്തന്നെ രാഷ്ട്രീയത്തിന്‍റെ പേരില്‍ ഇവരെ കൊലക്കത്തിക്ക് ഇരയാക്കിയവർ അതിന്‍റെ ഗൂഢാലോചനയില്‍ പങ്കാളികളായവർ ആരൊക്കെ എന്ന് സമൂഹത്തിനറിയാം.

കൊല്ലിച്ചവർക്കും കൊലപാതകികള്‍ക്കും നിയമത്തിന്‍റെയും ആശ്വാസത്തിന്‍റെയും പരവതാനി വിരിക്കുന്നതും പിണറായിയും ആഭ്യന്തരവകുപ്പും തന്നെ. അതിലേക്ക് വരുന്നതിന് മുമ്പ്, ഈ നാല് ചെറുപ്പക്കാരുടെ ജീവിതത്തിന്‍റെ നാള്‍വഴികളിലേക്ക് നമുക്കൊന്ന് പിന്തിരിഞ്ഞു നടക്കാം.

ഷുഹൈബ്

ഷുഹൈബ് ആ നാടിന്‍റെ ഓമനയായിരുന്നു. കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ പതാക പിടിച്ചപ്പോള്‍ തന്നെ ആ നാടിന്‍റെ അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങായവന്‍ ഷുഹൈബ്. പക്ഷെ, ഷുഹൈബിന്‍റെ പൊതുപ്രവര്‍ത്തന രംഗത്തെ വളര്‍ച്ച എന്തിനെയും കൊണ്ട് കീഴ്പ്പെടുത്തുന്ന ചെങ്കൊടി പിടിച്ച സഖാക്കള്‍ക്കും ഷുഹൈബിനെ കീഴ്പ്പെടുത്താന്‍ കൊലക്കത്തി തന്നെ വേണ്ടിവന്നു. സ്നേഹം കൊണ്ടും രാഷ്ട്രീയം കൊണ്ടും ഷുഹൈബിനെ കീഴ്പ്പെടുത്താന്‍ അവർക്ക് കഴിഞ്ഞില്ല. ഷുഹൈബ് കൊലക്കത്തിക്കിരയായി. ആ കത്തി എടുത്തവർക്കായി സർക്കാർ ഖജനാവില്‍ നിന്നും 54 ലക്ഷത്തില്‍ പരം രൂപ പ്രതികളെ മോചിപ്പിക്കുന്നതിന് ആവശ്യമായ നിയമപോരാട്ടത്തിനായി സുപ്രീം കോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്തു പിണറായി എന്ന മുഖ്യമന്ത്രി. ഇതാണ് ഈ നാടിന്‍റെ ദുരന്തപൂർണമായ ചിത്രം.

 

കൃപേഷ്, ശരത്‌ലാൽ

ഇരയ്ക്കൊപ്പം എന്ന് തോന്നിപ്പിച്ച് വേട്ടക്കാര്‍ക്കൊപ്പം പിണറായി ഓടുമ്പോഴും കല്യാട്ടെ കൃപേഷും ശരത് ലാലും ഇന്നും വേദനിപ്പിക്കുന്ന ഓര്‍മകളാണ്. പ്രതിസ്ഥാനത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ സഖാക്കള്‍ തന്നെ. ഇവിടെയും നീതിക്ക് വേണ്ടി കുടുംബയും സമൂഹവും പോരടിക്കുമ്പോള്‍ പിണറായിയും പോലീസും പറയുന്നു, അന്വേഷണം സി.ബി.ഐ നടത്തേണ്ട. എല്ലാം കേരള പോലീസില്‍ തന്നെയുണ്ട്. അന്വേഷണ പൊടിക്കയ്യില്‍ തല്‍ക്കാലം പോലീസ് കണ്ണുകെട്ടി കളിച്ചെങ്കിലും ആരായിരുന്നു ഇവരുടെ കൊലയാളികളെന്നതിന് ഉത്തരം  കല്യാട്ടെ ജനവും കാറ്റും പറയും.

നൗഷാദ്‌…

ഇനി ചാവക്കാട്ടെ പുന്നയിലെ നൌഷാദ് കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ പ്രാദേശികതയുടെ ചില പ്രശ്നങ്ങള്‍ പുന്നയിലുണ്ടായിരുന്നു. ഇത് പോലീസിനും ഇന്‍റലിജന്‍സിനും നേരത്തേതന്നെ അറിയാമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ മുന്‍കരുതല്‍ എന്ന നടപടി സ്വീകരിച്ചിരുന്നു എങ്കില്‍ നൌഷാദ് എന്ന ചെറുപ്പക്കാരനും കൊലക്കത്തിക്ക് ഇരയാകില്ലായിരുന്നു. കൊല നടത്തിയവര്‍ എസ്.ഡി.പി.ഐ ആയാലും എന്തിന്‍റെ പേരിലായാലും ഇത് പ്രാകൃതമാണ്… കാടത്തമാണ്. മനുഷ്യന്‍റെ ജീവിക്കാനുള്ള മൌലികാവകാശം മതത്തിന്‍റെ പേരിലായാലും രാഷ്ട്രീയത്തിന്‍റെ പേരിലായാലും അതിന് മൌനത്തിന്‍റെ പിന്തുണ നല്‍കുന്ന പോലീസും ഭരണകൂടവും ഇവിടെ പ്രതിക്കൂട്ടിലാണ്. ഈ നാല് പേരും കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് പ്രവർത്തനത്തിന്‍റെ പേരിലാണ്. നാടിന്‍റെ ഹൃദയസ്പന്ദനമറിഞ്ഞ ചെറുപ്പക്കാരായിരുന്നു ഈ നാലുപേരും. ഇനി ഔദ്യോഗികമായ വിശദീകരണം വരും… ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷണം ചാർത്തുമ്പോള്‍ ഒന്നോർക്കുക, മരിച്ചുവീണത് ഇവിടെ മനുഷ്യരാണ്. സമൂഹവും നിയമവും അനുശാസിക്കുന്ന ശിക്ഷ പ്രതിസ്ഥാനത്തുള്ളവര്‍ക്ക് നല്‍കുന്നില്ലെങ്കില്‍ കാലവും ചരിത്രവും നിങ്ങളെ ക്രൂരതയുടെ പ്രതിക്കൂട്ടില്‍ നിര്‍ത്തും.

sarathlalnoushadshuhaibkripesh
Comments (0)
Add Comment