ശബരിമല യുവതീപ്രവേശന വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ തത്രപ്പാടിനിടെ പാർട്ടി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ തുടർച്ചയായുള്ള നിലപാടുമാറ്റവും, സംസ്ഥാന നേതാക്കൾ തമ്മിലുള്ള ചേരിപ്പോരും ബി.ജെ.പിക്ക് വിനയാകുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെയുള്ള സമരമാണ് ബി.ജെ.പി നയിക്കുന്നതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ ആദ്യ നിലപാട്. എന്നാല് സുപ്രീം കോടതിവിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനുശേഷം ശബരിമലയിൽ സ്ത്രീകൾ ദർശനത്തിനെത്തുന്നുണ്ടോ എന്നതിലല്ല സമരമെന്നും സംസ്ഥാനത്തെ ഇടതു സർക്കാരിനെതിരെയുള്ള സമരമാണിതെന്നും അദ്ദേഹം നിലപാട് മാറ്റി. ഇതിനു പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വവും ശബരിമലയിലേക്ക് പ്രക്ഷോഭകാരികളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ വിവാദ സർക്കുലറുകളും പുറത്തു വന്നു. അതിനു ശേഷമാണ് കണ്ണൂരിലെ ബി.ജെ.പി – സംഘപരിവാർ നേതൃത്വത്തിന്റെ പേരിൽ പുറത്തിറങ്ങിയ സർക്കുലറും വലിയ വിവാദമായി. ഇത്തരമൊരു സർക്കുലർ കണ്ണൂരിലെ ബി.ജെ.പി നേതൃത്വം ഇറക്കിയിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു മുമ്പു തന്നെ ശ്രീധരൻ പിള്ളയുടെ യുവമോർച്ച യോഗത്തിലെ പ്രസംഗം പുറത്തു വന്നതും ബി.ജെ.പിക്ക് വിനയായിരുന്നു.
ശബരിമല ഒരു സുവർണാവസരമാണെന്നും അത് രാഷ്ട്രീയമായി ഉപയോഗിക്കണമെന്നും പ്രത്യക്ഷത്തിൽ പ്രസ്താവിക്കുന്ന പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നതും ബി.ജെ.പിയുടെ ശബരിമലയിലെ അജണ്ട തുറന്നു കാട്ടുന്നതായിരുന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിട്ടും പാർട്ടിയുടെ ഭാഗത്തു നിന്നും വേണ്ടത്ര ഇടപെടലുണ്ടായില്ലെന്ന പരാതിയും കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. സംഘപരിവാർ നേതാവ് കെ.പി ശശികലയെ പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് വൃശ്ചികം ഒന്നിന് സംസ്ഥാനമാകെ നടത്തിയ ഹർത്താൽ ബി.ജെ.പി വിരുദ്ധർ പാർട്ടിക്കെതിരെ ആയുധമാക്കിയെന്ന പരാതിയും വ്യാപകമാണ്. ഇത്തരത്തിൽ നിരവധി പരാതികളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്.
വി മുരളീധരൻ പക്ഷത്തെ വിവിധ നേതാക്കളാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു. ഇതിനെല്ലാം പുറമേ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല ദർശനത്തിന് നിലയ്ക്കലിൽ എത്തിയപ്പോൾ സ്പെഷ്യൽ ഓഫീസർ യതീഷ്ചന്ദ്ര അദ്ദേഹത്തോട് കയർത്ത സംഭവവും പാർട്ടിക്ക് ക്ഷീണം ചെയ്തു. മന്ത്രിക്കൊപ്പമുണ്ടായിരുന്നത് പി.കെ കൃഷ്ണദാസ് വിഭാഗത്തിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനായിരുന്നു. മന്ത്രിക്കെതിരായ എസ്.പിയുടെ പരാമർശവും പാർട്ടി വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ ആദ്യം മുതൽ നിലപാടിൽ വ്യക്തതയില്ലാതെ മുന്നോട്ടു പോയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന നിലപാടിൽ മുരളീധര വിഭാഗം ഉറച്ച് നിൽക്കുകയാണ്. നിലവിൽ സംസ്ഥാന അധ്യക്ഷനെ നീക്കം ചെയ്താൽ പാർട്ടി തിരിച്ചടിയുണ്ടാകുമെന്നും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.
വി മുരളീധരൻ പക്ഷത്തെ കെ സുരേന്ദ്രൻ സന്നിധാനത്തെത്തി കാര്യങ്ങൾ നിയന്ത്രിക്കുന്നത് കണ്ട് കൃഷ്ണദാസ് പക്ഷം എം.ടി രമേശിനെ സന്നിധാനത്തേക്ക് നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ കളം നിറഞ്ഞുനിന്ന സുരേന്ദ്രനെ കേസിൽ കുടുക്കാൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ചരടുവലികൾ ഉണ്ടായെന്നും പരാതി ഉയർന്നിട്ടുണ്ട്. സുരേന്ദ്രന്റെ അപ്രമാദിത്വം കുറയ്ക്കാൻ തീരുമാനിച്ച ആർ.എസ്.എസ് ചിത്തിര ആട്ട വിശേഷത്തിന് വത്സൻ തില്ലങ്കേരിയെ രംഗത്തിറക്കുകയായിരുന്നു. വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിെനട്ടാംപടിയിൽ കയറി നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തതും ആചാരലംഘനമായി. പിന്നീട് മണ്ഡലകാല പൂജകൾക്കായി നടതുറന്നപ്പോൾ എത്തിയ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുരേന്ദ്രന് മറ്റൊരുകേസിൽ അറസ്റ്റ് വാറണ്ടുണ്ടെന്നെ വിവരം ചില ബി.ജെ.പി നേതാക്കൾ തന്നെയാണ് പൊലീസിനെ ധരിപ്പിച്ചതെന്നും പറയപ്പെടുന്നു.
ഇത്തരത്തിൽ നേതാക്കൾ തമ്മിലുള്ള ശീതസമരം മൂർധന്യത്തിലെത്തിയതോടെയാണ്
കേന്ദ്രനേതൃതവം പി.എസ് ശ്രീധരൻ പിള്ളയെ ഡൽഹിക്ക് വിളിപ്പിച്ച് വിശദീകരണം തേടിയിട്ടുള്ളത്. കേന്ദ്രനേതൃത്വത്തിൽ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർ കളത്തിലിറങ്ങിയിട്ടും ബി.ജെ.പിയിലെ ഗ്രൂപ്പു പോരിന് ശക്തി കുറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ആചാരസംരക്ഷണത്തിന്റെ പോരിൽ വിശ്വാസികൾക്കിടയിൽ നുഴഞ്ഞുകയറി ശബരിമലയെ കലാപഭൂമിയാക്കി മാറ്റി രാഷ്ട്രീയനേട്ടം കൊയ്യുകയെന്ന ബി.ജെ.പി – ആർ.എസ്.എസ്- സംഘപരിവാർ സംഘടനകൾ മുന്നോട്ടുവെച്ച തന്ത്രത്തിനാണ് ഗ്രൂപ്പുകളി മൂലം തിരിച്ചടിയേറ്റിട്ടുള്ളത്.