20 ലക്ഷം വരെ ശമ്പളയിനത്തിൽ കൈപ്പറ്റി ; സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് വിജിലൻസിന് കൈമാറണമെന്ന് പൊലീസ്

Jaihind News Bureau
Monday, October 12, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരഷിന്‍റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് വിജിലൻസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. കേസ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസിന് അന്വേഷിക്കാമെന്നും ബൽറാം കുമാർ ഉപാധ്യായ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാർക്കിൽ ഓപറേഷൻ മാനേജറായി ജോലി നേടാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി 20 ലക്ഷം രൂപ ശമ്പളയിനത്തിൽ കൈപ്പറ്റിയതാണ് കേസിന്‍റെ അന്വേഷണ ചുമതല വിജിലൻസിന് നൽകാൻ തിരുവനന്തപുരം സിറ്റി കമ്മീഷണർ ആഭ്യന്തര സെക്രട്ടറി ടി.കെ ജോസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

വ്യാജ സർട്ടിഫിക്കറ്റ് നൽകി ശമ്പളയിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസിന് അന്വേഷിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നൽകിയിട്ടുള്ള റിപ്പോർട്ടിൽ നിയമോപദേശം തേടിയ ശേഷമാവും തുടർനടപടികൾ ആഭ്യന്തര വകുപ്പ് തീരുമാനിക്കുക.

നേരത്തെ ബാബാ അബേദ്ക്കർ ടെക്നിക്കൽ സർവകലാശാല സ്വപ്നയുടെ ബികോം ബിരുദം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്വപ്നയെ കാക്കനാട് ജയിലിൽ എത്തി കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് കേസ് വിജിലൻസിന് കൈമാറാമെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്.