യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ പൊലീസ് അതിക്രമം ; കേരളത്തില്‍ നാളെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി.വിയുടെ നേതൃത്വത്തില്‍ ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് അതിക്രമം. പൊലീസ് നരനായാട്ടില്‍ ശ്രീനിവാസ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരായ പോലീസ് നടപടിയിലും യൂത്ത് കോണ്‍ഗ്രസ് ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാകേഷ് യാദവിനെ വെടിവെച്ച് കൊന്നതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്  നടത്തിയ മാർച്ചിന് നേരെയാണ് പൊലീസ് അഴിഞ്ഞാടിയത്. ഡൽഹി യു.പി ഭവന് മുന്നിലായിരുന്നു സമാധാനപരമായി നടത്തിയ പ്രതിഷേധത്തെ അമിത് ഷായുടെ പൊലീസ് അടിച്ചമർത്തിയത്.

പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസിന് ഉള്‍പ്പെടെ ക്രൂരമായ മർദനമേറ്റു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സമാധാനപരമായി ജനാധിപത്യ രീതിയില്‍ നടത്തുന്ന പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന ബി.ജെ.പി നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാകേഷ് യാദവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ബി.ജെ.പി സർക്കാരിന്‍റെ ഫാസിസ്റ്റ് നടപടിക്കെതിരെ വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും തീരുമാനം. സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും നാളെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, എന്‍.എസ് നുസൂർ, കെ.ടി അജ്മല്‍ എന്നിവർ അറിയിച്ചു.

youth congressCAA
Comments (0)
Add Comment