ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം ഉരുട്ടിക്കൊലയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രാജ്കുമാറിന്റെ തുടയിലും കാൽവെള്ളയിലുമായി വലുതും ചെറുതുമായ ചതവുകൾ. ദേഹത്ത് 22 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവയില്‍ 15 എണ്ണം മുറിവുകളും ബാക്കിയുള്ളവ ചതവുകളുമാണ്. കാല്പാദം മുതല്‍ തുട വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാലിലെ വിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതെല്ലാം ഉരുട്ടലിന് വിധേയനാക്കി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തുടയുടെ പിന് ഭാഗത്താണ് ചതവുകളുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റിട്ടുണ്ട്. മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ടായിരുന്നു മര്‍ദനം. രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു എന്ന പൊലീസിന്റെ വാദം പൊളിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അരയ്ക്ക് കീഴ്പ്പോട്ടാണ് ക്ഷതങ്ങളും പരിക്കുകളും ഏറെയും. നാട്ടുകാര്‍ മർദിച്ചതാണെങ്കില് അരയ്ക്ക് മുകളിലേക്കാണ് പരിക്കുണ്ടാവാന്‍ സാധ്യത. പോലീസിന്റെ വാദങ്ങള്‍ രാജ്കുമാറിനെ പരിശോധിച്ച ഡോക്ടർമാരും നിഷേധിച്ചു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും പോലീസ് ഇതിന് തയാറായില്ല.
കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകളും പുറത്തായി. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അതിനിടെ രാജ്കുമാർ 25 ദിവസത്തിനിടെ സഞ്ചരിച്ചത് 7300 കിലോമീറ്ററെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഈ യാത്രകൾ എവിടേക്കായിരുന്നു എന്നതിനെ കുറിച്ചും അന്വേഷണം തുടങ്ങി.