ലോക്സഭാ തെരെഞ്ഞെടുപ്പ് : വിവാദത്തിന് വഴിതുറന്ന് പൊലീസില്‍ സിപിഎം അനുകൂല സ്ഥലംമാറ്റം

ലോക്സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ആരോപണമുയരുന്നു. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിൽപ്പെട്ട സി.പി.എം ബന്ധമുള്ള 15 സബ്ബ് ഇൻസ്പെക്ടറുമാരെ കൺട്രോൾ റൂമിലേക്ക് മാറ്റി ഉത്തരവിറക്കിയ സിറ്റി പൊലീസ് കമ്മീഷണറുടെ നടപടിക്കെതിരെയാണ് ആരോപണമുയരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പായി പൊലീസിൽ നടന്ന ഉദ്യോഗസ്ഥ ക്രമീകരണത്തിനെതിരെയാണ് ആരോപണമുയരുന്നത്. നഗരപരിധിയിലെ സ്റ്റേഷനുകളിൽപ്പെട്ട 15 എസ്.ഐമാരെ കൂട്ടത്തോടെ കൺട്രോൾ റൂമിലേക്ക് മാറ്റിയത് സംബന്ധിച്ചാണ് ആരോപണമുള്ളത്. ജനുവരി 16ന് റേഞ്ച് ഐ.ജി പുറത്തിറക്കിയ എസ്.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നില്ല. സർവ്വീസ് അവസാനിക്കാൻ രണ്ടുമാസം കാലാവധിയുള്ളവരെ പോലും ജില്ല വിട്ട് മാറ്റിയപ്പോൾ സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റ പട്ടികയിൽ നിന്നും മന:പൂർവ്വം മാറ്റി നിർത്തുകയായിരുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

പിന്നീട് ഫെബ്രുവരി 13ന് ഇവരുടെ സ്ഥലംമാറ്റം സംസബപന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിലാണ് 15 പേർക്കും കൺട്രോൾ റൂമിലേക്ക് നിയമനം നൽകി തിരുവനന്തപുരത്തു തന്നെ നിലനിർത്തിയത്. ഇവരിൽ ഏറെപ്പേരും മൂന്നു വർഷത്തിൽ കൂടുതൽ ഒരേ സ്റ്റേഷനിലും അതിനു പുറമേ നഗരപരിധിയിലും ജോലി ചെയ്യുന്നവരാണെന്നും പരാതിയുണ്ട്.

സ്ഥലം മാറ്റത്തിനുള്ള സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തി രാഷ്ട്രീയപ്രേരിതമായി ഇറങ്ങിയിട്ടുള്ള ഉത്തരവിനെതിരെ ഉദ്യോഗസ്ഥർ കടുത്ത അമർഷമാണ് രേഖപ്പെടുത്തുന്നത്. പൊലീസിനെ രാഷ്ട്രീയവൽക്കരിക്കുന്ന സി.പി.എമ്മിന്‍റെ അവസാനത്തെ നടപടിയാണിതെന്നും അഭിപ്രായമുയർന്നു കഴിഞ്ഞിട്ടുണ്ട്.

cpmPolice Transfer
Comments (0)
Add Comment