യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: SFI നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

Jaihind Webdesk
Sunday, July 14, 2019

University-College

യൂണിവേഴ്സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ നേതാക്കൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ തീരുമാനം. പ്രതികൾക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും തെരച്ചിൽ നടത്താനും പോലീസ് തീരുമാനിച്ചു. അതേസമയം കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പി.എസ്‍.സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‍സിറ്റി കോളേജിൽ തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷ എഴുതിയതെന്നാണ് സൂചന.

യൂണിവേഴ്സിറ്റി കോളേജിൽ അക്രമമുണ്ടായി രണ്ട് ദിവസം പിന്നിട്ടിട്ടും മുഖ്യ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. എന്നാൽ പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുള്ള ഓഫീസുകളിലും മറ്റും പരിശോധന നടത്താൻ പോലീസ് തയാറാകാത്തതിലും ആക്ഷേപം ശക്തമായി. മുഖ്യ പ്രതികളെ കൂടാതെ കണ്ടാലറിയാവുന്ന 30 പേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതിലൊരാളായ നേമം സ്വദേശി ഇജാബിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ പോലീസിനെതിരായ ആരോപണങ്ങൾക്ക് ശമനമുണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. തുടർന്നാണ് മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ നേതാക്കൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ തീരുമാനമായത്. കോടതിയുടെ അനുമതിയോടെയാകും പ്രതികൾക്കായി തെരച്ചിൽ നടത്തുക.

അതേസമയം പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്ന സംഭവവും അന്വേഷിക്കാൻ തീരുമാനമായി. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷയിൽ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയിൽ വരിക. കുടാതെ പരീക്ഷയിൽ പാസായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും. ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്കും രണ്ടാം പ്രതിയായ നസീമിന് പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുമാണ്. ഇരുവരും പി.എസ്‍.സി റാങ്ക് പട്ടികയിൽ വന്നതിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം.