ജീവനെടുക്കുന്ന ലോണ്‍ ആപ്പുകള്‍; അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ്

 

മാനന്തവാടി: വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കൂടുതൽ ആപ്പുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. ക്യാൻഡി ക്യാഷിനു പുറമെ അജയ് രാജ് മറ്റു വായ്പാ ആപ്പുകളും ഉപയോഗിച്ചെന്ന സംശയത്തെ തുടർന്നാണ് നീക്കം. അജയരാജിന് വാട്ട്സ്ആപ്പ് സന്ദേശമയച്ച ഫോണുകളുടെ ഐപി അഡ്രസ് കണ്ടെത്താൻ മെറ്റയെ സമീപിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

മരിച്ച അജയരാജൻ ക്യാൻഡി ക്യാഷ് എന്ന ആപ്പ് വഴി 5,000 രൂപ വായ്പയെടുത്തിരുന്നുവെന്ന് നേരത്തെ പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് അജയരാജിന്‍റെ ഫോണിൽ മറ്റു ലോൺ ആപ്പുകളും കണ്ടെത്തിയത്. വിവിധ നമ്പറുകളിൽ നിന്നായി അജയരാജിന് നിരവധി ഇന്‍റർനെറ്റ്‌ കോളുകൾ വന്നിരുന്നതായും പോലീസ് പരിശോധനയിൽ വ്യക്തമായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് ആപ്പുകൾക്ക് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്നലെ അജയരാജന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിരുന്നു. ലോട്ടറിക്കച്ചവടക്കാരനായിരുന്ന അജയരാജൻ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 8 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. വിവിധ ലോൺ ആപ്പുകളിൽ നിന്നെടുത്ത വായ്പകളുടേയും അവരുമായി നടത്തിയ ആശയവിനിമയങ്ങളുടെയും വിശദാംശങ്ങൾ പരിശോധിച്ചു തട്ടിപ്പിന്‍റെ ആഴം വിലയിരുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അന്വേഷണസംഘം.

അജയരാജിന്‍റെ ഫോൺ ഹാക്ക് ചെയ്ത് തട്ടിയെടുത്ത നമ്പരുകളിലേക്ക് കുടുംബാംഗങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് പോലീസിന്‍റെ വിലയിരുത്തൽ. ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പദം സിംഗ് വ്യക്തമാക്കി.

Comments (0)
Add Comment