ശബരിമല യുവതി പ്രവേശനം : കർശന പരിശോധനയുമായി പോലീസ്

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി റിവ്യു ഹർജി പരിഗണിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ സന്നിധാനത്ത് പോലീസ് സംരക്ഷണത്തിൽ യുവതികളെ പ്രവേശിപ്പിക്കണ്ട എന്ന് സർക്കാറും സിപിഎം നേതൃത്വവും തീരുമാനിച്ചതോടെ കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. അതേ സമയം യുവതികൾ എത്തുകയാണെങ്കിൽ തടയാനായി കർമ്മസമിതി പ്രവർത്തകർ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

അയ്യപ്പൻമാർ വരുന്ന വാഹനങ്ങളിൽ യുവതികൾ ഉണ്ടോ എന്നറിയാൻ നിലയ്ക്കലിലും പമ്പയിലും വനിത പോലീസുകാർ തന്നെയാണ് പരിശോധന നടത്തുന്നത്. 50 വയസ്സ് കഴിഞ്ഞിട്ടില്ല എന്ന് സംശയം തോന്നുന്നവരെ അവരുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോദിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് പോലീസ് നേരിട്ട് യുവതികൾക്ക് സുരക്ഷ ഒരുക്കി ശബരിമലയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയമാണ് സർക്കാറിനെയും സിപിഎമ്മിനെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

നിലയ്ക്കലിൽ ബസിൽ കയറി വരെ വനിത പോലീസുകാർ പരിശോധിക്കുന്നുണ്ട്. എന്നാൽ സുപ്രീം കോടതി യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിൽ ദർശനത്തിനായി എത്തുമെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള മനിതിസംഘവും തൃപ്തി ദേശായി അടക്കമുള്ള ചില ആക്ടിവിസ്റ്റുകളും പ്രഖ്യാപിച്ചതോടെയാണ് പോലീസ് ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാൽ ഏതെങ്കിലും തരത്തിൽ യുവതികൾ എത്തുന്ന സാഹചര്യമുണ്ടായാൽ അവരെ തടയാൻ ഇത്തവണയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൈന്ദവ സംഘടന പ്രവർത്തകർ ശബരിമലയിലെത്തി ചെറുസംഘങ്ങളായി തമ്പടിച്ചിട്ടുണ്ട്. ഇത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് സന്നിധാനത്തും സുരക്ഷ ശക്തമാണ്.

policeSabarimala
Comments (0)
Add Comment