ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ വാഹനം പോലീസ് തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനമെന്ന് കരുതി പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പുലര്‍ച്ചെ ഒരുമണിക്കാണ് വാഹനം തടഞ്ഞത്.
സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി. വാഹനം നിർത്തിയതിന് ശേഷമാണ് മന്ത്രിയാണ് വാഹനത്തിലുള്ളതെന്ന് പോലീസിന് മനസിലായത്. ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനും വാഹനത്തിലുണ്ടായിരുന്നു. അബദ്ധം പറ്റിയതാണെന്നും മന്ത്രിയാണ് വാഹനത്തിലെന്ന് അറിഞ്ഞിരുന്നില്ലെന്നും പോലീസ് അറിയിച്ചെങ്കിലും ചെറിയ രീതിയിൽ തർക്കമുണ്ടായി.
പമ്പയുടെ ചുതലുള്ള എസ്.പി ഹരിശങ്കര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഒരാളെ പോലീസ് തിരയുന്നുണ്ടെന്നും അതു കൊണ്ടാണ് വാഹനപരിശോധന നടത്തുന്നതെന്നും തെറ്റിദ്ധരിച്ചാണ് വാഹനം തടഞ്ഞതെന്നും എസ്.പി അറിയിച്ചു. അങ്ങനെയെങ്കില്‍ ആളു മാറി തന്നെ അറസ്റ്റ് ചെയ്തതായി എഴുതി നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വാഹന പരിശോധന സാധാരണ സംഭവമാണെന്നും എസ്.പി അറിയിച്ചു. പിന്നീട് അബദ്ധം സംഭവിച്ചതാണെന്ന് കാട്ടി പമ്പ സി.ഐ മാപ്പ് എഴുതി നല്‍കുകയും ചെയ്തു. 45 മിനിറ്റിന് ശേഷമാണ് മന്ത്രിയും സംഘവും യാത്ര തുടർന്നത്. കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞ പോലീസിന്‍റെ നടപടി വിവാദമായിട്ടുണ്ട്.