വടക്കൻ കേരളത്തിൽ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു; പോലീസ് കാഴ്ചക്കാരാകുന്നു

webdesk
Saturday, January 5, 2019

Perambra-Bomb-blast

വടക്കൻ കേരളത്തിൽ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു. കോഴിക്കോട് പേരാമ്പ്രയിൽ വീടിനുനേരെ വീണ്ടും ബോംബേറുണ്ടായി. കണ്ണൂരിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ വീടുകൾക്ക് നേരെ ആക്രമണം തുടരുകയാണ്. പോലീസ് കാഴ്ചക്കാരാകുന്നതാണ് പലയിടത്തും അക്രമം തുടരാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച അക്രമങ്ങൾക്ക് വടക്കൻകേരളത്തിൽ ഇനിയും ശമനമായിട്ടില്ല. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അക്രമ പരമ്പരകൾ തുടരുകയാണ്. കണ്ണൂരിൽ സിപിഎം ബിജെപി നേതാക്കളുടെതുൾപ്പടെയുള്ള വീടാക്രമണങ്ങളും, പാർടി ഓഫീസ് ആക്രമണങ്ങളും തുടരുമ്പോഴും സമാധാന ശ്രമം എങ്ങുമെത്തിയിട്ടില്ല. പരസ്പരം പഴിചാരൽ തുടരുമ്പോൾ സമാധാനം നീണ്ടുപോവുകായാണ് ജില്ലയിൽ. കോഴിക്കോട് പേരാമ്പ്രയിൽ ഇന്നലെയും ഇന്നും വീടുകൾക്ക് നേരെ ബോബേറുണ്ടായി. 5 ദിവസത്തെ നിരോധനാജ്ഞ നിലനിൽക്കുന്നിടത്താണ് അക്രമം തുടരുന്നത് എന്നതാണ് ശ്രദ്ദേയം. പോലീസ് പലയിടത്തും കാഴ്ചക്കാരാകുന്നു എന്ന ആക്ഷേപം ശക്തമാണ്.

ഇന്ന് പുലർച്ചെ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ രാധാകൃഷ്ണന്റെ വീടിനുനേരെ ബോംബേറുണ്ടായി. ജനൽചില്ലുകൾക്കും മറ്റും കേടുപാടുണ്ടായതൊഴിച്ചാൽ ആർക്കും പരിക്കേറ്റില്ല. ഇന്നലെ മലബാർ ദേവസ്വം ബോർഡംഗം ശശികുമാറിന്റെ വീടിനുനേരെ ബോംബേറുണ്ടായി. ഇതേതുടർന്ന് ബിഎംഎസ് ഒഫീസ് അടിച്ചുതകർക്കുകയും, വടകരയിൽ ബിജെപി നേതാവിന്റെ വാൻ കത്തിക്കുകയും, കൊയിലാണ്ടിയിൽ 4 സിപിഎം പ്രവർത്തകരുടെ ബൈക്കുകൾ തകർക്കുകയും ചെയ്തു. പേരാമ്പ്രയിൽ വ്യാഴാഴ്ച വൈകിട്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തിയ ആക്രമണത്തോടെയാണ് അക്രമങ്ങൾക്ക് തുടക്കമായത്. പിന്നീട് ലീഗ് സിപിഎം സംഘർഷവും, പിന്നാലെ പള്ളിക്ക് നേരെ സിപിഎം പ്രവർത്തകരുടെ കല്ലേറുമെല്ലാം സ്ഥിതി വഷളാക്കാൻ കാരണമായി.

പാലക്കാട് ഒറ്റപ്പാലത്ത് കോൺഗ്രസ് ബ്ലോക് സെക്രട്ടറിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇന്നലെ വെട്ടിപ്പരിക്കേൽപ്പിച്ചു. വൈകിട്ട് ഒറ്റപ്പാലത്ത് പ്രകടനം നടത്തി തിരിച്ചുപോകുമ്പോഴായിരുന്നു ആക്രമണം. അക്രമ പരമ്പരകൾ തുടരുമ്പോഴും തടയുന്നതിൽ പോലീസിന് വീഴ്ച സംഭവിക്കുന്നതായി ഡിജിപി തന്നെ ഏറ്റുപറയുന്നു. എന്നാൽ ഡിജിപിയുടെ നിർദ്ദേശമുണ്ടായിട്ടും എസ് പി മാർ കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്നത് മലബാറിലെ സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരുന്നതിന് തടസ്സമാകുന്നു. ഒപ്പം സിപിഎമ്മും ബിജെപിയും അക്രമം അവസാനിപ്പിക്കാൻ മുൻകൈ എടുത്താൽ മാത്രമെ മലബാറിൽ സ്വൈരജീവിതം പുനസ്ഥാപിക്കാനാകൂ.[yop_poll id=2]