ഗാന്ധിദർശൻ സമിതി നേതാക്കളെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണം : പ്രതിപക്ഷ നേതാവ്

ഗാന്ധിദർശൻ സമിതി നേതാക്കള്‍ക്കെതിരായ എസ്എഫ്ഐ  ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഗാന്ധി സ്മൃതി യാത്രയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളജ് കാമ്പസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഗാന്ധി ദര്‍ശന്‍ സമിതി പ്രസിഡന്റും മുന്‍ മന്ത്രിയുമായി വി.സി കബീര്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ച സ്മൃതിയാത്ര ബുധനാഴ്ചയാണ് തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചത്. മഹാത്മജി പ്രസംഗിച്ച മഹാത്മാ അയ്യങ്കാളി ഹാളിലെ അനുസ്മരണ ചടങ്ങുകള്‍ക്കു ശേഷമാണ് പ്രിന്‍സിപ്പാലിന്‍റെ അനുവാദത്തോടെ കബീര്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ കോളജിലേക്ക് കയറിയത്. കാമ്പസിലെ മഹാത്മജി പ്രസംഗിച്ച മാഞ്ചുവട്ടിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കബീര്‍ മാസ്റ്റര്‍, മുന്‍ എംഎല്‍എ കെ.എ ചന്ദ്രന്‍, കമ്പറ നാരായണന്‍, അച്ചുതന്‍ നായര്‍, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍, ലീലാമ്മ ഐസക്ക് എന്നിവരെ എസ്.എഫ്.ഐ ഗുണ്ടകള്‍ തടയുകയും ഗേറ്റിന് പുറത്തേക്ക് അടിച്ചോടിക്കുകയും ചെയ്തു. റോഡരികില്‍ ഗാന്ധിജിയുടെ ചിത്രം വച്ച് പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി.

പൊലീസാകട്ടെ അക്രമികളെ പിടികൂടുന്നതിനു പകരം ഗാന്ധിയന്‍മാരെ അറസ്റ്റു ചെയ്തു. ഗാന്ധിയന്‍മാര്‍ക്കെതിരായ അക്രമത്തെ സിപിഎമ്മും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും ന്യായീകരിക്കുകയാണോ? അതല്ലെങ്കില്‍ ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാന്‍ തയാറാകണം – സതീശന്‍ ആവശ്യപ്പെട്ടു.

മാഹാത്മജിയെ ആരാധിക്കുന്നവരെയും ഗാന്ധിയന്‍മാരെയും അടിച്ചോടിക്കുകയെന്നതാണോ, ജനാധിപത്യവും വിപ്ലവവും പറയുന്ന എസ്.എഫ്.ഐയുടെ നയം? രാഷ്ട്ര നിർമ്മാണത്തിൽ നിണ്ണായക പങ്കുവഹിച്ച മഹാരഥൻമാരെ അവഹേളിക്കുന്ന ബി.ജെ.പി നയം തന്നെയാണോ കേരളത്തിലെ സി.പി.എമ്മും പിന്തുടരുന്നത്?സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കുട്ടിക്രിമിനലുകളുടെ കൂടാരമാക്കി ഒരു കലാലയത്തെ മാറ്റിയിരിക്കുകയാണ്.
ഈ ക്രിമിനലുകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ അത് ഗാന്ധി നിന്ദയ്ക്ക് കുട പിടിക്കുന്നതിന് തുല്യമാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Comments (0)
Add Comment