കോട്ടയം : പാലായിൽ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിഷേകിനെ 14 ദിവസത്തേക്ക് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. നിതിന മോളെ പ്രതി അഭിഷേക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടു കൂടിയെന്ന് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. പെൺകുട്ടിയെ കൊല്ലും എന്ന് സുഹൃത്തിന് പ്രതി അഭിഷേക് മെസേജ് അയച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.
നിതിനയെ എങ്ങനെ കൊല ചെയ്യാമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായി പൊലീസിന് സംശയം ഉണ്ട്. ഒറ്റ കുത്തിൽ തന്നെ പെൺകുട്ടിയുടെ വോക്കൽ കോഡ് അറ്റുപോയതായും പഞ്ചഗുസ്തി ചാമ്പ്യൻ ആയ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ ആയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കഴുത്തിലേറ്റ ആഴത്തിലുള്ള വെട്ടില്‍ രക്തധമനികൾ മുറിഞ്ഞതാണ് നിതിന മോളുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി അഭിഷേകിനെ കൊലപാതകം നടന്ന പാലാ സെന്‍റ് തോമസ് കോളേജിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നിതിനയെ കൊലപ്പെടുത്തത് എങ്ങനെയെന്നത് ഭാവഭേദമില്ലാതെ അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്.
കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് നിതിനയെ ആക്രമിച്ച ബ്ലേഡ് വാങ്ങിയത് എന്നു അഭിഷേക് പൊലീസിന് മൊഴി നൽകിയിരുന്നു. ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും.