ട്രാന്‍സ്ജെന്ററുകള്‍ക്ക് ശബരിമല ദര്‍ശനത്തിന് പൊലീസ് അനുമതി

Jaihind Webdesk
Monday, December 17, 2018

തിരുവനന്തപുരം: ട്രാന്‍സ്ജെന്ററുകള്‍ക്കു ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പൊലീസ് അനുമതി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് നാലു ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു പൊലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു.

നിയമപരമായ കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഇവരെ പൊലീസ് തടഞ്ഞത്. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്. ട്രാന്‍സ്ജെന്‍ഡേഴ്സിനു ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി അറിയിച്ചിരുന്നു. അനുമതി നല്‍കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു ശബരിമല ദര്‍ശനം നടത്തുമെന്ന് ഇവര്‍ വ്യക്തമാക്കി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എരുമേലിയില്‍ വച്ചാണ് ഇവരെ പൊലീസ് തടഞ്ഞത്. സ്ത്രീവേഷത്തില്‍ ശബരിമലയിലേക്കു പോവാനാവില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. തുടക്കത്തില്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് ട്രാന്‍ജെന്‍ഡറുകള്‍ വഴങ്ങി. എന്നാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പൊലിസ് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഇവര്‍ പിന്നീട് പരാതി നല്‍കിയിരുന്നു.
ഇന്നു രാവിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അംഗം എ ഹേമചന്ദ്രനെ സന്ദര്‍ശിച്ചിരുന്നു. സമിതിയിലെ മറ്റ് രണ്ട് അംഗങ്ങളുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് അദ്ദേഹം അറിയിച്ചതായി ട്രാന്‍സ്ജെന്‍ഡറുകള്‍ പറഞ്ഞു.