ഇന്ധന വിലവർധനയ്ക്കെതിരായ പ്രതിഷേധത്തില്‍ പൊലീസ് വേട്ട : കോൺഗ്രസ് പ്രവർത്തകരുടെ വീടുകളില്‍ അർദ്ധരാത്രി ഉദ്യോഗസ്ഥർ കയറിയിറങ്ങുന്നു

Jaihind Webdesk
Wednesday, November 3, 2021

കൊച്ചി : ഇന്ധന വിലവർധനയ്ക്കെതിരായ പ്രതിഷേധത്തിൽ, ദേശീയപാത ഉപരോധിച്ചതിനും നടന്‍ ജോജു ജോർജിന്‍റെ വാഹനം നശിപ്പിച്ചെന്നുമുള്ള കേസിന്‍റെ മറവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ  പൊലീസ് വേട്ടയാടുന്നു. നടന്‍ ജോജു ജോർജിന്‍റെ വാഹനം നശിപ്പിച്ചെന്ന കേസില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ രാത്രിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസുകാർ വീടുകള്‍ കയറിയിറങ്ങുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫ് വൈറ്റിലയിലെ വീട്ടിൽ ഉറങ്ങികിടക്കുമ്പോള്‍ വിളിച്ചുണര്‍ത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് റോഡ് ഉപരോധിച്ചതിനു കേസെടുത്തത്. ഏകപക്ഷീയമായാണു കേസെടുത്തതെന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം.

വനിതകള്‍ക്കെതിരെ ജോജു അസഭ്യം പറഞ്ഞെന്നും അതില്‍ കേസില്ലാത്തത് എന്താണെന്നും കോൺഗ്രസ് നേതാക്കൾ ആവര്‍ത്തിച്ചു ചോദിക്കുന്നു. ഇതിനു തെളിവില്ലെന്നാണു പൊലീസ് പറയുന്നത്. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇന്ധന വിലവര്‍ധനയ്ക്കെതിരായ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.