സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസും; പഴയ നിയമലംഘനങ്ങളെല്ലാം പരിശോധിക്കും; കൂട്ടുകാര്‍ക്കും കുരുക്ക്

 

ആലപ്പുഴ: കാറിനുള്ളില്‍ സജ്ജീകരിച്ച സ്വിമ്മിംഗ് പൂളിൽ കുളിച്ചുകൊണ്ടുള്ള യാത്രയില്‍ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ കേസെടുക്കാന്‍ പോലീസ്. കൂടെയുണ്ടായിരുന്നു സുഹൃത്തുക്കളും നിയമക്കുരുക്കിലാകും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒയുടെ പരാതിയിലാണ് നടപടി. കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റിയിയിരുന്നു. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും.

നിയമലംഘനം നടത്തിയ കാറിന്‍റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. കാറോടിച്ച സഞ്ജുവിന്‍റെ സുഹൃത്തിന്‍റെ ലൈസന്‍സും സസ്‌പെന്‍ഡു ചെയ്തിരുന്നു. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും നിയമ നടപടി നേരിടേണ്ടി വരും.

ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് സഞ്ജു വീഡിയോ ഇട്ടതും വിവാദമായിരുന്നു. നടപടികളെ നിസാരവത്കരിച്ചും പരിഹസിച്ചുമായിരുന്നു വീഡിയോ. ഇതോടെയാണ് അധികൃതർ കര്‍ശന നടപടികളിലേക്കു കടന്നത്. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടി എന്നായിരുന്നു പരിഹാസം. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു വീഡിയോ പുറത്തുവിട്ടത്. ഇയാള്‍ നടത്തിയ മുഴുവന്‍ റോഡ് നിയമലംഘനങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ മോട്ടോര്‍ വാഹന വകുപ്പ് നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടും കോടതിക്കു സമര്‍പ്പിക്കും.

Comments (0)
Add Comment