കൊച്ചിയിൽ സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ചിലെ സംഘർഷത്തില്‍ പ്രതികളായ എൽദോ എബ്രഹാം എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ നേതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായപ്പോഴാണ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എൽദോ എബ്രഹാം എം.എൽ.എ, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി സി.പി സുഗതൻ എന്നിവരുൾപ്പെടെ പത്ത് പേരുടെ അറസ്റ്റാണ് ആണ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. അതേസമയം അറസ്റ്റിലായ സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. റിമാന്‍ഡ് റിപ്പോർട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. മാരക ആയുധങ്ങളുമായി പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതായും വാഹനങ്ങള്‍ക്ക് കേട് വരുത്തിയെന്നും റിമാന്‍ഡ് റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ജൂലൈ 23 നായിരുന്നു സി.പി.ഐ ഡി.ഐ.ജി ഓഫീസ് മാർച്ച് നടത്തിയത്. മാർച്ചിൽ എൽദോ എബ്രഹാം എം.എൽ.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്ക് പൊലീസ് മർദനമേറ്റിരുന്നു.